കള്ളക്കുറിച്ചി ദുരന്തത്തിൽ ശക്തമായി ഇടപെട്ട് ദളപതി വിജയ്, സ്റ്റാലിൻ സർക്കാറിനെതിരെ പടയൊരുക്കം തുടങ്ങി

കള്ളക്കുറിച്ചി ദുരന്തത്തിൽ ശക്തമായി ഇടപെട്ട് ദളപതി വിജയ്, സ്റ്റാലിൻ സർക്കാറിനെതിരെ പടയൊരുക്കം തുടങ്ങി

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ ഉണ്ടായ മദ്യ ദുരന്തം സ്റ്റാലിൻ സർക്കാറിന് വലിയ വെല്ലുവിളിയാകുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് ഉൾപ്പെടയുള്ള ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തും കളക്ടറെ സ്ഥലം മാറ്റിയും സർക്കാർ നടപടി കടുപ്പിച്ചിട്ടുണ്ടെങ്കിലും ഈ വ്യാജ മദ്യ ദുരന്തത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നിയമസഭയ്ക്ക് അകത്ത് അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയോടെ തമിഴ്നാട്ടിൽ അപ്രസക്തമായി പോയ അണ്ണാ ഡി.എം.കെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം ഉയർത്തുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയും സ്റ്റാലിൻ സർക്കാരിനെതിരെ ശക്തമായാണ് ആഞ്ഞടിച്ചിരിക്കുന്നത്. മരണപ്പെട്ടവർക്ക് കേന്ദ്ര സഹായവും ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ട്. 54 പേരാണ് തമിഴ്നാടിനെ നടുക്കിയ ഈ മദ്യ ദുരന്തത്തിൽ മരണപ്പെട്ടിരിക്കുന്നത്. നിരവധിപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണുള്ളത്. സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത മൂലമാണ് മദ്യ ദുരന്തം ഉണ്ടായതെന്ന വിമർശനമാണ് വ്യാപകമായി ഇപ്പോൾ ഉയരുന്നത്. ഹൈക്കോടതിയും രൂക്ഷമായാണ് വിമർശിച്ചിരിക്കുന്നത്.

അതേസമയം പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന ഇടപെടലുകളാണ് ഇപ്പോൾ സൂപ്പർ താരം വിജയ് നടത്തിയിരിക്കുന്നത്. മദ്യദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച വിജയ് സർക്കാറിനെ ശക്തമായി വിമർശിക്കുകയും അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും ചികിത്സയിൽ കഴിയുന്നവർക്കും സഹായങ്ങളും വിജയ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ആശുപത്രിയിൽ ചികിത്സ തേടിയവരെയും മരിച്ചവരുടെ ബന്ധുക്കളെയും കാണാനെത്തിയ വിജയ്ക്കു മുന്നിൽ ബന്ധുക്കൾ പൊട്ടിക്കരഞ്ഞതും വിജയ് മാറോട് ചേർത്ത് അവരെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളുമെല്ലാം തമിഴകത്തിപ്പോൾ വൈറലാണ്. വിജയ് എത്തിയതറിഞ്ഞ് ആശുപത്രി പരിസരത്ത് അനവധി പേരാണ് തടിച്ചു കൂടിയിരുന്നത്.

തമിഴക വെട്രി കഴകമെന്ന പേരിൽ ഒരു രാഷ്ടീയ പാർട്ടി രുപീകരിച്ച വിജയ് ആ പാർട്ടിയുടെ ആദ്യ സമ്മേളനം നടത്തും മുൻപു തന്നെ പൊതുവിഷയത്തിൽ നേരിട്ട് ഇടപെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമായതിനാൽ ദളപതിയുടെ നീക്കങ്ങളെ തമിഴ്നാട് ഭരണകൂടവും ആശങ്കയോടെയാണ് നോക്കി കാണുന്നത്.

മദ്യ ദുരന്തവിഷയം ഉയർത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിച്ച പ്രതിപക്ഷ പാർട്ടികൾക്കും ദളപതിയുടെ മാസ് എൻട്രി വലിയ തിരിച്ചടിയാണ്. ഡി.എം.കെ സർക്കാറും ദളപതിയും നേർക്കു നേർ വരുന്നത് മറ്റു പ്രതിപക്ഷ പാർട്ടികളുടെ പ്രസക്തി തന്നെയാണ് ഇല്ലാതാക്കുന്നത്. തമിഴക വെട്രി കഴകത്തിൻ്റെ സമ്മേളനം കഴിയുന്നതോടെ അണ്ണാ ഡി.എം.കെയിൽ നിന്നുൾപ്പെടെ നല്ലൊരു വിഭാഗം അണികളും അനുഭാവികളും ദളപതിയുടെ പാർട്ടിയിൽ ചേരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

2026-ൽ ആണ് തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. മുഴുവൻ സീറ്റിലും മത്സരിച്ച് കന്നി മത്സരത്തിൽ തന്നെ ഒറ്റയടിക്ക് ഭരണം പിടിക്കുക എന്നതാണ് വിജയ് ലക്ഷ്യമിടുന്നത്. സൂപ്പർ താര പദവിയിൽ നിന്നും വന്ന് തമിഴ്നാട് മുഖ്യമന്ത്രിയായ എം.ജി ആറിൻ്റെയും ജയലളിതയുടെയും പാതയിൽ തന്നെയാണ് ദളപതിയും ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. വിജയ് യുടെ ഈ നീക്കം ലോകസഭ തിരഞ്ഞെടുപ്പിൽ തമിഴകം തൂത്തുവാരിയ ഡി.എം.കെ മുന്നണിയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോകുന്നത്. സ്റ്റാലിൻ സർക്കാരിൻ്റെ ജനകീയ പ്രതിച്ഛായയെ തകർക്കാൻ ലഭിക്കുന്ന ഒരവസരവും ദളപതിയും അദ്ദേഹത്തിൻ്റെ പാർട്ടിയും പാഴാക്കുകയില്ല.
സർക്കാരിനെതിരെ ലഭിക്കുന്ന എല്ലാ ആയുധങ്ങളും പ്രയോഗിക്കാൻ തന്നെയാണ് അവരുടെ തീരുമാനം. അതാണിപ്പോൾ കള്ളക്കുറിച്ചിയിലും സംഭവിച്ചിരിക്കുന്നത്.

സ്റ്റാലിൻ സർക്കാരിനെ സംബന്ധിച്ച് വലിയ അപകടകാരി ആയാണ് ദളപതി ഇപ്പോൾ മാറി കൊണ്ടിരിക്കുന്നത്. ദളപതിയുടെ വാക്കുകൾക്ക് തമിഴ് ജനതയെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട് എന്നതാണ് ഡി.എം.കെ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്.

പുലി എന്ന 2015ലെ ചിത്രത്തിനു ശേഷം ബോക്സോഫീസിൽ പരാജയം എന്താണെന്ന് അറിയാത്ത താരമാണ് വിജയ്. ആവറേജ് റിപ്പോർട്ടാണെങ്കിൽ പോലും വിജയിയുടെ ചിത്രങ്ങൾ മികച്ച രീതിയിൽ പണം വാരുന്നത് പതിവാണ്.

സമീപകാലത്ത് റിലീസായ ലിയോ അടക്കം ഉദാഹരണങ്ങളും നിരവധിയാണ്. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘ദ ഗോട്ടിൽ’ വിജയ് 200 കോടിയാണ് പ്രതിഫലം വാങ്ങിയിരിക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അവസാന ചിത്രമായ ദളപതി 69ന് പ്രതിഫലം 250 കോടിയായി ഉയർന്നേക്കുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ചിത്രത്തിൽ വാങ്ങിയ 500 രൂപയിൽ നിന്നാണ് ഇപ്പോൾ പ്രതിഫലം 250 കോടിയിൽ എത്തി നിൽക്കുന്നത്. തനിക്ക് ലഭിക്കുന്ന പ്രതിഫല തുകയിൽ നല്ലൊരു വിഭാഗവും കാരുണ്യ പ്രവർത്തികൾക്കായി ചിലവഴിക്കുന്ന താരം കൂടിയാണ് വിജയ്. അദ്ദേഹത്തിൻ്റെ രാഷ്ടീയ പ്രവേശനത്തിൽ ജനങ്ങൾക്ക് താൽപ്പര്യം വരാൻ ഇതും ഒരു കാരണമാണ്.

2026-ലെ തിരഞ്ഞെടുപ്പ് ദളപതി വിജയ് യും സ്റ്റാലിൻ്റെ മകൻ ഉദയനിധി സ്റ്റാലിനും തമ്മിൽ ആകാനാണ് സാധ്യത. സ്റ്റാലിൻ തൻ്റെ പിൻഗാമിയായി കാണുന്നതും ഉദയനിധിയെ തന്നെയാണ്. ദളപതിയെ പോലെ ഒരു മാസ് താരമല്ലങ്കിലും കേഡർ പാർട്ടിയായ ഡി.എം.കെയുടെ കരുത്തിലാണ് ഉദയനിധിയുടെ ആത്മവിശ്വാസം. ദളപതിയുടെ ആത്മവിശ്വാസമാകട്ടെ അദ്ദേഹത്തിൻ്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകരിലുമാണ്. സിനിമയിലെ സൂപ്പർതാര ഇരിപ്പിടം രാഷ്ട്രീയത്തിലും നേടാനാണ് വിജയ് ശ്രമിക്കുന്നത്. രാഷ്ട്രീയവും സിനിമയും ഇടകലർന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. തമിഴ്നാടിൻ്റെ ചരിത്രവും അതു തന്നെയാണ്.

EXPRESS KERALA VIEW

Top