ഷൊർണൂർ: തടവുപുള്ളി ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി രക്ഷപെടാൻ ശ്രമിച്ചു . കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്ന തടവുപുള്ളിയാണ് ഷൊർണൂരിൽ വെച്ച് ട്രെയിനിൽ നിന്ന് പുഴയിലേക്ക് എടുത്ത് ചാടിയത്. സനീഷ് എന്നയാളാണ് പുഴയിൽ ചാടി രക്ഷപെടാൻ ശ്രമിച്ചത്. മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്സിലാണ് സംഭവം.
പ്രതിയെ കാസർകോട് നിന്ന് ആലുവ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ശൗചാലയത്തിൽ പോകണമെന്ന് പറഞ്ഞ് കൈയിലെ വിലങ്ങ് അഴിച്ചു കൊടുത്തപ്പോഴാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതിക്കൊപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാർ പിന്നാലെ എടുത്തു ചാടി പ്രതിയെ പിടി കൂടുകയായിരുന്നു. തുടർന്ന് അപസ്മാരം അനുഭവപ്പെട്ട പ്രതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.