CMDRF

ആമയിഴഞ്ചാൻ അപകടം ; ജോയിയുടെ മൃതദേഹം കണ്ടെത്തി

ആമയിഴഞ്ചാൻ അപകടം ; ജോയിയുടെ മൃതദേഹം കണ്ടെത്തി
ആമയിഴഞ്ചാൻ അപകടം ; ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ (47) മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജോയിയുടെ തന്നെയെന്ന് സ്ഥിരീകരിച്ചു. റെയിൽവേയിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്തായിരുന്നു മൃതദേഹം. നാവികസേന അടക്കം നടത്തിയ തെരച്ചിലിനൊടുവിൽ മൂന്നാം ദിവസമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

പഴവങ്ങാടി തകരപ്പറമ്പ് റോഡിൽ ചിത്രാഹോമിന് പുറകിലെ കനാലിലായിരുന്നു മൃതദേഹം. ജോയിയെ കാണാതായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ മാറിയാണിത്. കെട്ടുകണക്കിന് അടിഞ്ഞുകൂടിയിരിക്കുന്നതിനാൽ മൃതദേഹം ഒഴുകി ദൂരേക്ക് പോകില്ല എന്നതായിരുന്നു നിഗമനമെങ്കിലും ഇത് തെറ്റെന്ന് സ്ഥിരീകരിച്ചാണ് നിലവിൽ തകരപ്പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അപകടം നടന്ന ദിവസത്തെ കനത്ത മഴയിൽ മൃതദേഹം ഒഴുകി ഇവിടേക്ക് എത്തിയതാകാമെന്നാണ് വിലയിരുത്തൽ.
മൃതദേഹം എപ്പോഴാണ് ഇവിടെ പൊങ്ങിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

സങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. വൈകാതെ തന്നെ മൃതദേഹം ജോയിയുടേതെന്ന് ഔദ്യോഗിക സ്ഥിരീകരണവുമുണ്ടാകും. ഔദ്യോഗിക സ്ഥിരീകരണം എത്തിയ ശേഷമേ തെരച്ചിൽ അവസാനിപ്പിക്കൂ. മൃതദേഹം കൈവരികളിലൂടെ ഒഴുകിപ്പോയിട്ടുണ്ടാകുമോ എന്ന് ഇന്നലെ തന്നെ സംശയമുണ്ടായിരുന്നു. എന്നാൽ ടണലുകളിൽ അടിഞ്ഞുകൂടിയിരുന്ന മാലിന്യം ഏത് വിധേനയുമുള്ള തെരച്ചിലിനും വലിയ വെല്ലുവിളിയായിരുന്നു. ഇന്ന് നാവികസേനയെത്തി സോണർ സംവിധാനമുപയോഗിച്ച് ടണലിനുള്ളിൽ പരിശോധന നടത്താൻ തുടങ്ങവേയാണ് മൃതദേഹം തകരപ്പറമ്പിൽ കണ്ടെത്തിയത്.

Top