ആസ്ട്രേലിയൻ ക്രിക്കറ്റിലെ ഇതിഹാസ ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണർ സിനിമയിലേക്ക്.അല്ലു അർജുൻ ചിത്രം പുഷ്പ 2 വിൽ ഡേവിഡ് വാർണർ അതിഥി വേഷത്തിൽ എത്തിയേക്കും. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെല്‍ബണിലാണ് നിലവില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നതെന്നും ഈ ഷെഡ്യൂളിലാണ് വാര്‍ണര്‍ ഭാഗമായിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 വിലെ ഗാനത്തിന് ഡേവിഡ് വാർണർ ചുവടുവെച്ച വിഡിയോ വെെറലായതിനൊപ്പം വാര്‍ത്തകളിലും ഇടം നേടിയിരുന്നു. ഇതടക്കം വാര്‍ണറിന്‍റെ ഒട്ടുമിക്ക വിഡിയോകള്‍ക്കും അല്ലു അർജുന്‍ കമന്‍റുമായി എത്താറുണ്ട്.പുഷ്പ വീഡിയോക്ക് പിന്നാലെ വാര്‍ണറും അല്ലുവിനൊപ്പം സിനിമയിലെത്തണമെന്ന ആവശ്യവുമായി ക്രിക്കറ്റ്-സിനിമാ ആരാധകരും വന്നിരുന്നു.
ഇപ്പോള്‍ ഈ ആരാധകരെ ആവേശത്തിലാറാടിക്കുന്ന ചില സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. ഐ.പി.എല്ലിന്‍റെ ഭാഗമായതിന് പിന്നാലെയാണ് വാര്‍ണറിന് ഇന്ത്യന്‍ സിനിമകളോടുള്ള സ്നേഹവും തുടങ്ങുന്നത്.പല ഇന്ത്യന്‍ സിനിമാപ്പാട്ടുകളും രംഗങ്ങളും റിക്രിയേറ്റ് ചെയ്ത് വാര്‍ണര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ക്ക് ആരാധകരേറെയാണ്. സണ്‍റെെസേഴ്സ് ഹെെദരാബാദിനായി വലിയ നേട്ടങ്ങള്‍ കൊയ്തതിനൊപ്പം സൗത്ത് ഇന്ത്യന്‍ ആരാധകരെയും അദ്ദേഹം ഇങ്ങനെ കയ്യിലെടുത്തിരുന്നു.