മലപ്പുറം: വ്യാപാര സ്ഥാപനങ്ങളിലെത്തി പട്ടാപകല്‍ കവര്‍ച്ച നടത്തിയ യുവാവിനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശി മുണ്ടന്‍പറമ്പത്ത് വീട്ടില്‍ എം.പി സുധീഷ് (40) ആണ് അറസ്റ്റിലായത്. കാക്കഞ്ചേരിക്കടുത്ത് യു.കെ.സിയിലെ ഷൈന്‍ പെയ്ന്റ് ഗാലറിയെന്ന വ്യാപാര സ്ഥാപനത്തിലെത്തി കവര്‍ച്ച നടത്തിയ കേസിലാണ് 40കാരന് അറസ്റ്റിലായത്. കൊടുകുത്തിപറമ്പ് സ്വദേശിയായ മുസ്തഫ എന്നയാളുടെ ഈ സ്ഥാപനത്തില്‍ കഴിഞ്ഞ പത്തിനാണ് മോഷണം നടന്നത്.
പത്താം തിയതി ഉച്ചയോടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുസ്തഫയുടെ മകനായിരുന്നു സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. പിതാവിന്റെ പരിചയക്കാരനെന്ന വ്യാജേന കടയിലെത്തിയ പ്രതി പത്തു രൂപയുടെയും 20 രൂപയുടെയും ചില്ലറ നോട്ടുകള്‍ ചോദിച്ചു. സ്ഥാപനത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി പണമില്ലെന്ന് പറഞ്ഞു. ഇതിന് പിന്നാലെ മേശപ്പുറത്തുണ്ടായിരുന്ന വിസിറ്റിങ് കാര്‍ഡില്‍ നിന്നും നമ്പര്‍ മനസിലാക്കിയ സുധീഷ് കടയുടമയെ ഫോണ്‍ ചെയ്ത് സമീപത്തെ കടക്കാരനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി ചില്ലറ ആവശ്യപ്പെട്ടു. എന്നാല്‍ ചില്ലറയില്ലെന്ന മുസ്തഫയുടെ മറുപടി മറച്ച് വച്ച് ചില്ലറ തരാന്‍ പിതാവ് നിര്‍ദ്ദേശിച്ചുവെന്ന് വിദ്യാര്‍ത്ഥിയോട് വിശദമാക്കി.
പിന്നാലെ മേശക്ക് അരികിലെത്തിയ പ്രതി മേശ വലിപ്പ് തുറന്ന് പണം അപഹരിച്ച് കടന്നുകളയുകയായിരുന്നു. മഞ്ചേരി, എടവണ്ണ, പെരിന്തല്‍മണ്ണ, പുക്കോട്ടുപാടം, കൊടുവള്ളി തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ സമാന രീതിയില്‍ കേസുകളുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. എടക്കര പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. തേഞ്ഞിപ്പലം എസ്.എച്ച്.ഒ കെ. അബ്ദുല്‍ ഹക്കീം, എസ്.ഐ വിപിന്‍ വി പിള്ള, അഡി. എസ്.ഐ കൃഷ്ണദാസ്, എ.എസ്.ഐ സജീവ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.