പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് അയച്ച കത്ത്

ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്താണ് പുറത്തായത്.

പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് അയച്ച കത്ത്
പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് അയച്ച കത്ത്

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് ഡിസിസി നിര്‍ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്താണ് പുറത്തായത്. ബിജെപിയെ തുരത്താന്‍ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ വി.ഡി.സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുമുള്ള ദീപ ദാസ് മുന്‍ഷി എന്നിവര്‍ക്കൊപ്പം എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനും അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.

Also Read: ‘പിപി ദിവ്യയെ പോലീസും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണ’; എം.എം ഹസന്‍

പാലക്കാട് ബിജെപിയെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിലുണ്ട്. പാലക്കാട് നിയോജക മണ്ഡലത്തില്‍ താഴേത്തട്ടിലടക്കം ജനപിന്തുണ നേടിയെടുക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥി തന്നെ വേണം.

ഇടത് അനുഭാവികളുടെ അടക്കം വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി വന്നാലേ മണ്ഡലത്തില്‍ ജയിക്കാനാവൂ. മണ്ഡലത്തിലെ താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി അഭിപ്രായം തേടിയ ശേഷം ഡിസിസി ഐകകണ്‌ഠേന കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. പാലക്കാട് ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ ഒരു തരത്തിലും പരീക്ഷണം നടത്താന്‍ സാധിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

Top