വയനാട്; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതർ അറിയിച്ചു. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്.
മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും മുങ്ങി. മഴയിലും യന്ത്രസഹായത്തോടെയുള്ള തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചിരുന്നത്. ഇന്ന് മാത്രം 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളും ലഭിച്ചു. ഇതുവരെ 97 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. ഇന്ന് രാത്രിയോടെ പൂർത്തിയാക്കും.
തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ഇതിനകം ബന്ധുക്കൾ എത്തി കൊണ്ട് പോയി. ബാക്കി മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് കൊണ്ടു പോകുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. 28 മൃതദേഹങ്ങളും 28 ശരീര ഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വയനാട്ടിലേക്ക് കൊണ്ട് പോയിട്ടുണ്ട്.
എല്ലാ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും മേപ്പാടി സി എച്ച് സി യിലേക്കാണ് മാറ്റുന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി തുടങ്ങിയത്.