ഇംഫാൽ: മണിപ്പൂരിൽ അഭയാർഥി ക്യാമ്പിൽ കുക്കികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കാണാതായ ആറ് പേരിൽ ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി. മണിപ്പൂർ-അസം അതിർത്തിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ തീവ്രവാദികൾ തട്ടികൊണ്ട് പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
നദിയുടെ സമീപത്ത് നിന്നാണ് രണ്ട് കുട്ടികളുടേയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ജിരിമുഖ് ഗ്രാമത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നവംബർ 11ാം തീയതി ഒരുകൂട്ടം ഭീകരർ ബോരേബേക്റയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. തുടർന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ 11 ഭീകരർ കൊല്ലപ്പെട്ടിരുന്നു.
Also Read: പതിനേഴ് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് നൈജീരിയയിലേക്ക്
ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷന് സമീപത്തെ ക്യാമ്പ് ആക്രമിച്ച് മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും തട്ടികൊണ്ട് പോവുകയായിരുന്നു. പിന്നീട് കാണാതായവർക്ക് വേണ്ടി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇനിയും രണ്ട് സ്ത്രീകളേയും ഒരു കുട്ടിയേയും കണ്ടെത്താനുണ്ട്.
കഴിഞ്ഞ ഒന്നര വർഷമായി മണിപ്പൂരിൽ കുക്കികളും മെയ്തേയികകളും തമ്മിലുള്ള സംഘർഷം തുടരുകയാണ്. സംഘർഷത്തിന് അറുതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇനിയും സാധിച്ചിട്ടില്ല. സംഘർഷത്തിന് അയവില്ലാതെ വന്നതോടെ മണിപ്പൂരിലെ ചില പ്രദേശങ്ങളിൽ കേന്ദ്രസർക്കാരിന് വീണ്ടും അഫ്സ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.