സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാത്തവരായി ലോകത്ത് ആരും തന്നെ ഉണ്ടാകില്ല. സ്ത്രീകളും പുരുഷന്മാരും ഇതിന്റെ ആരാധകരാണെന്ന് പറയാതെ വയ്യ. എന്നിരുന്നാലും ലോകത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്പനികള്‍ ലക്ഷ്യമിടുന്നത് കൂടുതലായും സ്ത്രീകളെയാണ്. സ്ത്രീകളാണ് ഇവരുടെ ഉല്‍പ്പന്നങ്ങളുടെ മികച്ച ഉപഭോക്താക്കളും. എന്നാല്‍ ഇപ്പോള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് യൂറോപ്യന്‍ കെമിക്കല്‍ ഏജന്‍സി പുറത്തുവിട്ടിരിക്കുന്നത്.
യൂറോപ്പിലുടനീളം വില്‍ക്കുന്ന നൂറുകണക്കിന് സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളില്‍ അപകടകരവും നിരോധിതവുമായ രാസവസ്തുക്കള്‍ കണ്ടെത്തിയതായാണ് യൂറോപ്യന്‍ കെമിക്കല്‍സ് ഏജന്‍സിയുടെ (ഇസിഎച്ച്എ) റിപ്പോര്‍ട്ടിലുള്ളത്. ഹെല്‍സിങ്കി ആസ്ഥാനമായുള്ള ഏജന്‍സി 13 യൂറോപ്യന്‍ രാജ്യങ്ങളിലായി വിവിധ കമ്പനികളുടെ ഏകദേശം 4,500 സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ചതില്‍ ആറ് ശതമാനം ഉല്‍പ്പന്നങ്ങള്‍ – അല്ലെങ്കില്‍ 285 ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തി. പല നിരോധിച്ച പദാര്‍ത്ഥങ്ങളും ഈ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: ഇന്ത്യയിലെ കാലാവസ്ഥാ പ്രതിസന്ധി; ബലിയാടാകുന്നത് സ്ത്രീകളും കുട്ടികളും
ഈ പുതിയ കണ്ടെത്തലുകള്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ വിപണിയില്‍ ഉള്ള സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍, മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നുള്ള അപകടകരമായ രാസവസ്തുക്കള്‍ സംബന്ധിച്ചുള്ള ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. യൂറോപ്യന്‍ കെമിക്കല്‍സ് ഏജന്‍സി നടത്തിയ പരിശോധനയില്‍ പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും സിലിക്കന്‍, പാരബെന്‍സ്, പോലുള്ള മാരക രാസവസ്തുക്കളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ ഐലൈനറുകള്‍, ലിപ് ലൈനറുകള്‍, കണ്ടീഷണറുകള്‍, ഹെയര്‍ മാസ്‌കുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഈ രാസവസ്തുക്കള്‍ പ്രത്യേകിച്ച് മുഖത്ത് നിറം വര്‍ദ്ധിപ്പിക്കാനുള്ള ക്രീമുകള്‍, നെയില്‍ പോളിഷ്, മേക്കപ്പ് ക്രീമുകള്‍ തുടങ്ങിയവയില്‍ കൂടുതലായി കാണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇത്തരം രാസവസ്തുക്കള്‍ ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍, സ്‌കിന്‍ അലര്‍ജി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, എന്നിവ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് തടയാനായി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ കണ്ടെത്തിയ പദാര്‍ത്ഥങ്ങള്‍ സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ ഓണ്‍ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് മലിനീകരണത്തിന് കീഴിലും യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരവും നിരോധിച്ചിരിക്കുന്നതാണ്. അവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കുകയും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്.
Also Read: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍; ഹോളിവുഡ് സിനിമകളേക്കാളും ചെലവ് കുറവോ?
2023 നവംബറിനും 2024 ഏപ്രിലിനും ഇടയില്‍ നടത്തിയ പരിശോധനകളിലാണ് വിവിധ ഉല്‍പ്പന്നങ്ങളില്‍ നിരോധിത രാസവസ്തുക്കള്‍ കണ്ടെത്തിയത്. ഇതില്‍ പലതും ചര്‍മ്മരോഗങ്ങള്‍ക്കും അര്‍ബുദത്തിനും കാരണമാകുന്നതായി വിവിധ പഠന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. പരിശോധനകള്‍ക്ക് ശേഷം, ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികാരികള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ രാസനിര്‍മ്മിത പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതോടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഫിന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, ഇറ്റലി, ലിത്വാനിയ, ലക്സംബര്‍ഗ്, മാള്‍ട്ട, നോര്‍വേ, റൊമാനിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ പദാര്‍ത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ശന നിയമങ്ങളും മാര്‍ഗരേഖകളും നടപ്പിലാക്കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള വസ്തുക്കളില്‍ കണ്ടെത്തിയ രാസ പദാര്‍ത്ഥങ്ങള്‍ ആരോഗ്യം, പരിസ്ഥിതി, അല്ലെങ്കില്‍ ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ആശങ്കകള്‍ ഉണ്ടാക്കുന്നതാണ്. നിയന്ത്രണങ്ങള്‍ സാധാരണയായി കൊണ്ടുവരുന്നത് ഈ വസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്താനും വിപണിയിലെത്തുന്നത് തടയാനും ലക്ഷ്യമിടുന്നതിനാണ്.
Also Read: ആര്‍ട്ടിക്ക് സമുദ്രത്തിലെ ‘ദ്വീപുകളെ’ കാണാനില്ല!!
ആഗോളതലത്തില്‍ ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇനിയും വ്യാപകമായി ഉപയോഗിക്കപ്പെടാനിടയുണ്ട്. കൂടാതെ ഉപഭോക്താക്കളെ അവരുടെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനുമായി ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും യൂറോപ്യന്‍ കെമിക്കല്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്.കുട്ടികള്‍ക്ക് മാത്രമായി സോപ്പും പൗഡറും ക്രീമുകളും വിവിധ തരം ഷാമ്പൂകളും വിറ്റഴിച്ചിരുന്ന പ്രമുഖ ബ്രാന്‍ഡായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങളിലും നിരവധി രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത് നമ്മളില്‍ പലരും ഞെട്ടലോടെയാണ് അറിഞ്ഞത്.
കമ്പനിയുടെ ടാല്‍കം പൗഡറും അനുബന്ധ ഉല്‍പ്പന്നങ്ങളും ഉപയോഗിച്ചവര്‍ക്ക് പലതരം കാന്‍സര്‍ ബാധിച്ചതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു 2021ല്‍ പുറത്തുവന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഉല്‍പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസ് അടങ്ങിയിരുന്നുവെന്ന് അന്ന് തെളിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2021ല്‍ അമേരിക്കയിലെ കണക്ടിക്കട്ട് സ്വദേശി ഇവാന്‍ പ്ലോട്കിന്‍സ് കോടതിയെ സമീപിച്ചു. ഈ ഉല്‍പന്നം ഉപയോഗിച്ച് തനിക്ക് മെസോതലോമിയ എന്ന അപൂര്‍വ ഇനം കാന്‍സര്‍ ബാധിച്ചു എന്നായിരുന്നു പ്ലോട്കിന്‍സിന്റെ പരാതി. ഇതോടെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ വിശ്വാസ്യത തകരുകയായിരുന്നു. പലരും ഗുണമേന്മ നോക്കാതെ പരസ്യത്തിന്റെ പുറകെ പോയതുകൊണ്ടുണ്ടായ അനന്തരഫലങ്ങളായിരുന്നു ഇതെല്ലാം.