‘സ്ലോത്ത്‌ ഫീവർ’ ഭീതിയിൽ അമേരിക്ക

ഓറപ്പോഷ് എന്ന വൈറസ് പരത്തുന്ന സ്ളോത്ത് ഫീവർ കൊതുക്, ചെറിയ ഈച്ച തുടങ്ങിയവ കടിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്

‘സ്ലോത്ത്‌ ഫീവർ’ ഭീതിയിൽ അമേരിക്ക
‘സ്ലോത്ത്‌ ഫീവർ’ ഭീതിയിൽ അമേരിക്ക

രണകാരണമായേക്കാവുന്ന മാരക വൈറസ് രോഗമായ സ്ലോത്ത്‌ ഫീവർ അമേരിക്കയിലും യൂറോപ്പിലും വ്യാപകമായി പടർന്നു പിടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. അമേരിക്കയിൽ ഫ്ലോറിഡയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചിരിക്കുന്നത്. ക്യൂബയില്‍നിന്നും തെക്കേ അമേരിക്കയില്‍ നിന്നും യാത്ര കഴിഞ്ഞു വന്നവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഫ്ലോറിഡയിലുള്ള ഇരുപതുപേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം കൂടുതൽ ആൾക്കാരിലേക്ക് പടരാൻ തുടങ്ങിയതോടെ പുതിയ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് അമേരിക്ക അഭിമുഖീകരിക്കുന്നത്. രോഗ വ്യാപനം വർദ്ധിക്കുമോ എന്നും ആരോഗ്യ വിദഗ്ധർ ആശങ്കപ്പെടുന്നുണ്ട്.

രോഗവ്യാപനം ആരംഭിച്ചതിനേത്തുടര്‍ന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) ഓഗസ്റ്റ് മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനുവരി ഒന്നിനും ഓഗസറ്റ് ഒന്നിനുമിടയില്‍ 8000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും രണ്ടുപേര്‍ മരിച്ചതായും സി.ഡി.സി റിപ്പോര്‍ട്ട് ചെയ്തു. ബ്രസീല്‍, ബൊളീവിയ, പെറു, കൊളംബിയ, ക്യൂബ എന്നീ രാജ്യങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രസീലിലാണ് ലോകത്തെ ആദ്യത്തെ ഒറോപൗഷെ മരണം റിപ്പോർട്ട് ചെയ്തത്. മുപ്പതുവയസ്സിനു താഴെയുള്ള രണ്ടു ബഹിയ സ്വദേശികളായ യുവതികളാണ് മരണപ്പെട്ടത്. ഗുരുതരമായ ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ഇരുവര്‍ക്കും ഉണ്ടായിരുന്നത്. 1955-ൽ ട്രിനിഡാഡ്, തൊബാഗോ എന്നീ കരീബിയൻ ദ്വീപുകളിലാണ് വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. 1960-ൽ സ്ലോത്ത് എന്ന ജീവിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. സ്ലോത്ത്, അണ്ണാന്‍ പോലുള്ള മൃഗവര്‍ഗങ്ങളില്‍ നിന്ന് കൊതുക്, മറ്റ് പ്രാണികള്‍ എന്നിവയിലേക്കും പിന്നീട് മനുഷ്യരിലേക്കും രോഗം പകരുന്നു.

എന്താണ് ഒറോപൗഷെ ഫീവര്‍?

ഓറപ്പോഷ് എന്ന വൈറസ് പരത്തുന്ന സ്ളോത്ത് ഫീവർ കൊതുക്, ചെറിയ ഈച്ച തുടങ്ങിയവ കടിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. അപൂര്‍വ അവസരങ്ങളില്‍ നാഡിവ്യൂഹത്തെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ്, എന്‍സെഫലൈറ്റിസ് എന്നിവയ്ക്ക് സ്ലോത്ത് ഫീവര്‍ കാരണമാകുന്നു. Orthobunyavirus oropoucheense എന്ന വൈറസാണ് രോഗകാരണമാകുന്നത്. 1961-ല്‍ ഏകദേശം പതിനൊന്നായിരം കേസുകള്‍ ഉണ്ടായിരുന്നുവെന്ന് ദി ലാന്‍സെറ്റ് ജേര്‍ണലില്‍ പറയുന്നു. ആമസോണ്‍ പ്രദേശത്തും പനാമ, അര്‍ജന്റീന, ബൊളീവിയ, ഇക്വഡോര്‍, പെറു, വെനെസ്വേല തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലും രോഗബാധിതര്‍ ഉണ്ടായിട്ടുള്ളത്.

ലക്ഷണങ്ങള്‍

ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും സമാനമായ ലക്ഷണങ്ങളാണ് പൊതുവേ കണ്ടുവരാറുള്ളത്. പനി, തലവേദന, വിറയല്‍, പേശിവേദന, സന്ധി വേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം, അസഹനീയമായ അടിവയറുവേദന തുടങ്ങിയവയും ലക്ഷണങ്ങളാണ്. രോഗപ്രതിരോധത്തിനായി വാക്‌സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല. മൂന്ന് മുതല്‍ പത്ത് ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. സങ്കീര്‍ണതകള്‍ അനുഭവപ്പെട്ടാല്‍ വിദഗ്ധ ചികിത്സയ്ക്ക് ഒട്ടും വൈകരുത്.

ചികിത്സ

രോഗബാധിതരായ മിക്കരോഗികളും ഏഴുദിവസത്തിനുള്ളില്‍ രോഗമുക്തരാകാറാണ് പതിവ്. രോഗം ഗുരുതരമാകാനുള്ള സാധ്യതയും അപൂര്‍വമാണ്. ഒറോപൗഷെ ഫീവറിന് മാത്രമായുള്ള പ്രത്യേക ചികിത്സയോ പ്രതിരോധ വാക്‌സിനോ ലഭ്യമല്ല. കൊതുകുകടി ഏല്‍ക്കാതിരിക്കുക എന്നതാണ് പ്രതിരോധമാര്‍ഗം. ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് അവ കുറയ്ക്കാനുള്ള ചികിത്സയാണ് പൊതുവേ നല്‍കിവരുന്നത്. നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുകയും വേണം.

Top