‘ജനങ്ങളോട് ഇടപെടുമ്പോൾ കൂറും വിനയവും വേണം’; ബിനോയ് വിശ്വം

‘ജനങ്ങളോട് ഇടപെടുമ്പോൾ കൂറും വിനയവും വേണം’; ബിനോയ് വിശ്വം

തിരുവനന്തപുരം: അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിനു പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും ജനങ്ങളോട് ഇടപെടുമ്പോൾ കൂറും വിനയവും വേണമെന്നും ഓർമിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം വിശദീകരിക്കുന്നത്. അസഹിഷ്ണുത പാടില്ല, ജനവിശ്വാസം ഇടിഞ്ഞതിൽ സ്വയം പരിശോധന അനിവാര്യമാണെന്നും കത്തിൽ ബിനോയ് വിശ്വം പറയുന്നു.

അടിമുടി എല്ലാ തലങ്ങളിലും ആത്മവിമർശനത്തിനു സന്നദ്ധമാകണം. എല്ലാത്തിനേക്കാൾ വലുത് ജനങ്ങളാണ്. യാഥാർഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനപാടവം കൊണ്ടോ ഉപരിപ്ലവമായ വിശകലന സാമർഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തിനു മുന്നിൽ ഉയർന്നുവന്നിട്ടുള്ളത്. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടുതപക്ഷത്തിനു പഴയതു പോലെ ബന്ധമുണ്ടോ? അവർ ഇടതുപക്ഷത്തിനു മേൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് എങ്ങനെ ഇടിവുണ്ടായി എന്ന് പരിശോധിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ബിനോയ് വിശ്വത്തിന്റെ പല വിമർശനങ്ങളും ലക്ഷ്യമിടുന്നത് സിപിഎമ്മിലെ ഉന്നതരെ കൂടിയാണെന്ന വ്യാഖ്യാനം ഇതിനോടകം വന്നുകഴിഞ്ഞു. മൈക്ക് ഓപ്പറേറ്ററെ മുഖ്യമന്ത്രി പിണറായി വിജയൻ ശകാരിച്ചത് ഉൾപ്പെടെയുള്ളവ സിപിഎം കമ്മിറ്റികളിൽ വിമർശന വിധേയമാകുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ കത്ത് പുറത്തുവരുന്നത്.

Top