CMDRF

പ്രസവത്തെ തുടർന്ന് മരണം; ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ

പ്രസവത്തെ തുടർന്ന് മരണം; ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ
പ്രസവത്തെ തുടർന്ന് മരണം; ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ

ആലപ്പുഴ: പ്രസവത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവതി അണുബാധയേറ്റ് മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് അണുബാധയെ തുടർന്ന് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഒരു മാസത്തിന് മുൻപാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. അന്നുമുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. അണുബാധ കരളിനെയടക്കം ബാധിച്ചതിനാൽ ഷിബിന ഐസിയുവിലായിരുന്നു. ഷിബിനയുടെ മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.

ആശുപത്രിയിൽ പ്രതിഷേധിച്ച ബന്ധുക്കളെ തടയാൻ പൊലീസെത്തിയിരുന്നു.
അതേസമയം, ഷിബിനയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. യുവതിക്ക് പ്രസവത്തിന് മുൻപ് അണുബാധയുണ്ടായിരുന്നു. പ്രസവശേഷം അണുബാധ വർദ്ധിച്ചെന്നും സൂപ്രണ്ട് പറഞ്ഞു. തുടർന്ന് അണുബാധ ആന്തരികാവയവങ്ങളെ ബാധിക്കുകയായിരുന്നു. ഒരാഴ്ച മുൻപ് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

ഈ മാസം പത്തിനും പ്രസവത്തെ തുടർന്ന് ചികിത്സയിലിരിക്കെ സംസ്ഥാനത്ത് ഒരു യുവതി മരിച്ചിരുന്നു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് കുട്ടോടത്ത് പാടം അഷിമോന്റെ ഭാര്യ കാർത്തികയാണ് (28) മരിച്ചത്. കഴിഞ്ഞ മാസം 25നാണ് യുവതി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. നാല് ദിവസത്തിന് ശേഷം അസ്വസ്ഥത തോന്നിയ കാർത്തികയെ ഒമ്പത് ദിവസത്തിന് ശേഷമാണ് സ്കാനിംഗിന് വിധേയയാക്കിയത്.

ഗുരുതരമായി പഴുപ്പ് കണ്ടതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ആശുപത്രിയിൽ നിന്നും ഉണ്ടായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്നും ആരോപിച്ച് കാർത്തികയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു.

Top