മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുതിൻറെ മരണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട വസ്തുതകൾ ഹാജരാക്കണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെട്ട് കോൺഗ്രസ്. 2020 ആഗസ്റ്റ് 5നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. നാല് വർഷത്തിന് ശേഷവും സി.ബി.ഐ എന്താണ് മൗനം പാലിക്കുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി സചിൻ സാവന്ത് ചോദിച്ചു.
“മൂന്ന് അന്വേഷണ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തിനിടെ പലരും പീഡിപ്പിക്കപ്പെട്ടു. എന്നിട്ടും അന്തിമ ഫലം സി.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല” -സാവന്ത് പറഞ്ഞു. മുംബൈ പൊലീസിൻറെയും എയിംസിൻറെയും റിപ്പോർട്ടുകൾ വകവെക്കാതെ ബി.ജെ.പി ഈ വിഷയം രാഷ്ട്രീയവൽക്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ പൊലീസിൻറെ അന്വേഷണത്തിൽ സുപ്രീം കോടതി പോലും തൃപ്തരാണെന്നും എന്നാൽ ബിഹാർ മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഗുപ്തേശ്വര് പാണ്ഡെയുടെ സഹായത്തോടെ എം.വി.എ സർക്കാറിനെ കളങ്കപ്പെടുത്താനും സിറ്റി പൊലീസിൻറെ പ്രതിച്ഛായ തകർക്കാനുമുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.
സുശാന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് മുംബൈ പൊലീസിൻറെ കണ്ടെത്തൽ. എന്നാൽ മകൻ കൊല്ലപ്പെട്ടതാണെന്നും അവൻറെ 15 കോടി രൂപ കാമുകിയും നടിയുമായ റിയ ചക്രവർത്തി തട്ടിയെന്നുമുള്ള പരാതിയുമായി സുശാന്തിൻറെ പിതാവ് ബിഹാർ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഫോറൻസിക് വിദഗ്ധർ സുശാന്തിൻറെ ഫ്ലാറ്റിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടില്ല. സുശാന്തിൻറെത് ആത്മഹത്യയാണെന്ന റിപ്പോർട്ടാണ് ഫോറൻസിക് വിദഗ്ധർ സി.ബി.ഐക്ക് നൽകിയത്.