ഇറാൻ പ്രസിഡൻ്റിൻ്റെ മരണം; അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ചാരസംഘടനകൾക്ക് നേരെയും സംശയം ഉയരുന്നു

ഇറാൻ പ്രസിഡൻ്റിൻ്റെ മരണം; അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ചാരസംഘടനകൾക്ക് നേരെയും സംശയം ഉയരുന്നു
ഇറാൻ പ്രസിഡൻ്റിൻ്റെ മരണം; അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ചാരസംഘടനകൾക്ക് നേരെയും സംശയം ഉയരുന്നു

റാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയും ഏറെയാണ്. ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് ഹെലികോപ്റ്ററുകള്‍ സുരക്ഷിതമായി തിരിച്ചെത്തുകയും പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ മാത്രം അപകടത്തില്‍പ്പെടുകയും ചെയ്തതാണ് ദുരൂഹത ഉയരാന്‍ കാരണമായിരിക്കുന്നത്. ഇതു സംബന്ധമായി വിശദമായ അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. വിവിധ ഇറാന്‍ ഏജന്‍സികള്‍ക്കു പിന്നാലെ റഷ്യയുടെ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വ്വീസിലെയും ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസിലെയും ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ കാണാതായപ്പോള്‍ തന്നെ റഷ്യ തിരിച്ചിലിനായി അയച്ച വിദഗ്ദ സംഘത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കിടന്ന സ്ഥലവും പരിസരവും ഉള്‍പ്പെടെ വിശദമായി തന്നെ പരിശോധിച്ചു വരികയാണ്. ഇതിനു പുറമെ റഷ്യന്‍ ടെക്‌നോളജിയുടെ പൂര്‍ണ്ണ സഹായം കൂടി ലഭിക്കുന്നതോടെ ഹെലികോപ്റ്റര്‍ തകര്‍ന്നതിനു പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയുമെന്നാണ് ഇറാന്‍ കരുതുന്നത്.

ഇറാന്റെ പരമോന്നത നേതാവിന്റെ പിന്‍ഗാമിയാകാനിരുന്ന ഇബ്രാഹിം റെയ്സിയുടെ മരണം ഇറാനെ സംബന്ധിച്ച് വലിയ നഷ്ടമാണ്. ഇബ്രാഹിം റെയ്സിയുടെ പിന്‍ഗാമിയായി പ്രസിഡന്റാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുള്ളാഹിയാനിയും ഈ അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കടുത്ത അമേരിക്കന്‍ – ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഈ രണ്ട് നേതാക്കളുടെയും അപ്രതീക്ഷിത വിയോഗം ലോക രാജ്യങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും കഴിഞ്ഞകാല ചെയ്തികള്‍ പരിശോധിക്കുമ്പോള്‍ ഇത് കേവലം ഒരു അപകടം മാത്രമാണെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇറാന്റെ ഉന്നത സൈനിക മേധാവി ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അമേരിക്ക വധിച്ചിരുന്നത്. ഡ്രോണ്‍ ഉപയോഗിച്ചാണ് ഇത്തരമൊരു ആക്രമണം അമേരിക്ക നടത്തിയിരുന്നത്. നിലവില്‍ ഇറാന്റെ പ്രധാന ശത്രുക്കള്‍ അമേരിക്കയും ഇസ്രയേലുമാണ്. ഈ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ വഷളായ ഘട്ടത്തിലാണ് ഇറാന്‍ പ്രസിഡന്റിന് അപ്രതീക്ഷിത അപകടവും സംഭവിച്ചിരിക്കുന്നത്.

മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി ഇറാന്‍ കൂടുതല്‍ കരുത്താര്‍ജിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുമ്പോള്‍ തന്നെ നയതന്ത്ര രംഗത്തും ഏറെ മുന്നോട്ട് പോകാന്‍ ഇറാന് സാധിച്ചിട്ടുണ്ട്. റഷ്യയുമായും ചൈനയുമായും സഹകരണം ശക്തമാക്കിയ ഇറാന്‍ ഇന്ത്യയുമായും വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ഇറാന്റെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം ഇന്ത്യയ്ക്കു വിട്ടു നല്‍കുന്ന ദീര്‍ഘകാല കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പ് വച്ചത് അടുത്തയിടെയാണ്. ഉപരോധം നേരിടേണ്ടി വരുമെന്ന അമേരിക്കന്‍ മുന്നറിയിപ്പ് തള്ളിക്കളഞ്ഞാണ് ഈ കരാറില്‍ ഇന്ത്യ ഒപ്പിട്ടിരിക്കുന്നത്. ഒമാന്‍ ഉള്‍ക്കടലിന്റെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ചബഹാര്‍ തുറമുഖം അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായുള്ള വ്യാപാരത്തിനായി ഇന്ത്യയ്ക്ക് മുന്നിലുള്ള ഒരു ബദല്‍ മാര്‍ഗമാണ്. ഇതാകട്ടെ പാകിസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടി കൂടിയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഇറാന്റെ ഭാഗത്തു നിന്നും നേതൃത്വം നല്‍കിയ പ്രസിഡന്റും വിദേശകാര്യ മന്ത്രിയുമാണ് ഇപ്പോള്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇറാനെ ശത്രുവായി കണ്ടിരുന്ന സൗദി അറേബ്യ പോലും പഴയ നിലപാട് തിരുത്തി ഇറാനുമായി സഹകരണത്തിന്റെ പാതയിലാണ് നിലവില്‍ മുന്നോട്ട് പോകുന്നത്. ഈ മാറ്റത്തിന് എല്ലാം മുന്‍ കൈ എടുത്തതും കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റു തന്നെയാണ്. ഇതൊന്നും തന്നെ അമേരിക്കയ്ക്ക് രസിച്ചിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം.

അമേരിക്കയും ഇസ്രയേലും ഒരേ തൂവല്‍ പക്ഷികളായതിനാല്‍ ഇരു രാജ്യങ്ങളുടെയും ടാര്‍ഗറ്റും ഇറാനാണ്. ഇറാന്‍ പിന്തുണയ്ക്കുന്ന ചാവേര്‍ സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തിയാര്‍ജിക്കുന്നതിന് ഒരു പ്രധാന കാരണം പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണെന്നാണ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. റഷ്യ- യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യന്‍ അനുകൂല നിലപാട് ഇറാന്‍ സ്വീകരിച്ചതും അമേരിക്കയെ പ്രകോപിപ്പിച്ച നടപടിയാണ്. അമേരിക്കയുടെ ആധുനിക ആയുധങ്ങളെയാണ് യുക്രെയിനില്‍ വച്ച് ഇറാന്റെ കുഞ്ഞന്‍ ഡ്രോണുകള്‍ തകര്‍ത്ത് തരിപ്പണമാക്കിയിരുന്നത്.

ഏറ്റവും ഒടുവില്‍ ഇറാന്‍ നല്‍കിയ ആയുധ കരുത്തില്‍ ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയതും അമേരിക്കന്‍ ചേരിയെ പ്രകോപിപ്പിച്ച ഘടകമാണ്. ഇതിന് തിരിച്ചടിയായി സിറിയയിലെ ഇറാന്റെ എംബസിയാണ് ഇസ്രയേല്‍ ആക്രമിച്ചിരുന്നത്. തുടര്‍ന്ന് ഇസ്രയേലിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണവും വന്‍ തോതില്‍ അരങ്ങേറുകയുണ്ടായി.

ഈ ഘട്ടത്തിലാണ് ഇറാന്റെ ആണവ നയം പുനപരിശോധിക്കേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. അമേരിക്കയെയും ഇസ്രയേലിനെയും ശരിക്കും ഞെട്ടിച്ച പ്രതികരണമായിരുന്നു അത്. ഇറാന്‍ ഒരു ആണവ ശക്തിയാകുന്നതിനെ ഏറ്റവും അധികം ഭയപ്പെടുന്നതും ഈ രാജ്യങ്ങള്‍ തന്നെയാണ്. ആണവ ശക്തിയാകുന്നതിന്റെ അവസാന ഘട്ടത്തിലായ ഇറാന്‍ ഇതിനകം തന്നെ ആണവ ആയുധങ്ങള്‍ വികസിപ്പിച്ചു കഴിഞ്ഞതായും അമേരിക്ക സംശയിക്കുന്നുണ്ട്. ഇറാനെ നേരിട്ട് ആക്രമിച്ചാല്‍ റഷ്യ ഉള്‍പ്പെടെ ഇടപെടുമെന്ന ഭയമുള്ളതിനാല്‍ മാത്രമാണ് അവര്‍ ആക്രമിക്കാതിരുന്നത്. പൂര്‍ണ്ണമായും ഇറാന്‍ ആണവശക്തി ആയി മാറിക്കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ആ രാജ്യത്തെ കടന്നാക്രമിക്കാന്‍ അമേരിക്കന്‍ ചേരിക്ക് സാധിക്കുകയില്ല. ഇറാന്‍ ആണവ ശക്തിയാകണമെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നതും. അതിനു വേണ്ടി ചുക്കാന്‍ പിടിക്കുന്നതും ആ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെയാണ്. ഇത് ഏറ്റവും നന്നായി അറിയാവുന്നതാകട്ടെ അമേരിക്കയ്ക്കും ഇസ്രയേലിനുമാണ്. അമേരിക്കയുടെ സി.ഐ.എയ്ക്കും ഇസ്രയേലിന്റെ മൊസാദിനും മറ്റു രാജ്യങ്ങളില്‍ കടന്നു കയറി ഉന്നതരെ വധിച്ച വലിയ ചരിത്രമാണുള്ളത്.

ഇത്തരമൊരു പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയെ ഒരിക്കലും വെറും അപകടമായി മാത്രം വിലയിരുത്താന്‍ സാധിക്കുകയില്ല. എല്ലാ തരത്തിലുള്ള അന്വേഷണങ്ങളും തീര്‍ച്ചയായും നടക്കേണ്ടതുണ്ട്. പ്രാഥമിക നിഗമനം അപകടമാണെന്നാണെങ്കിലും എല്ലാ സാധ്യതയും പരിശോധിക്കാനാണ് ഇറാനും റഷ്യയും തീരുമാനിച്ചിരിക്കുന്നത്. എന്തെങ്കിലും ചതി അണിയറയില്‍ നടന്നിട്ടുണ്ടെങ്കില്‍ ലോകം കണ്ട ഏറ്റവും വലിയ പ്രത്യാഘാതത്തിനു തന്നെയാണ് അത് വഴിവയ്ക്കുക. അതാകട്ടെ വ്യക്തവുമാണ്. പ്രസിഡന്റ് മരിച്ചത് കൊണ്ട് ഇറാന്റെ ഒരു നിലപാടിലും മാറ്റം ഉണ്ടാകാന്‍ പോകുന്നില്ല. ഇതിനകം തന്നെ ഇറാന്‍ ഭരണകൂടം അത് പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുമുണ്ട്.

ഇറാന്‍ പ്രസിഡന്റിന്റെയും സംഘത്തിന്റെയും യാത്ര മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ടതായതിനാല്‍ ഹെലികോപ്റ്റര്‍ ഏതെങ്കിലും ശക്തികള്‍ അപകട പെടുത്തിയതാണോ എന്ന സംശയം റഷ്യന്‍ ഏജന്‍സികള്‍ക്കുള്‍പ്പെടെ ഉണ്ട്. പ്രസിഡന്റിന്റെ ഹെലികോപ്റ്ററിനൊപ്പം സഞ്ചരിച്ച് സുരക്ഷിതമായി തിരിച്ചെത്തിയ മറ്റ് രണ്ട് ഹെലികോപ്റ്ററുകളില്‍ സഞ്ചരിച്ചവരെയും ഇറാന്റെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത് വരികയാണ്. പ്രതികൂല കാലാവസ്ഥയില്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്ററിനു മാത്രം അപകടം നേരിട്ട പശ്ചാത്തലത്തില്‍ ഇവര്‍ നല്‍കുന്ന മൊഴിയും ഏറെ നിര്‍ണ്ണായകമാണ്. തകര്‍ന്ന ഹെലികോപ്ടറും ഒപ്പം സഞ്ചരിച്ചവയും അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്ടറുകളായിരുന്നു എന്ന വിവരവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

EXPRESS KERALA VIEW

Top