കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഒരു ഉദ്യോഗസ്ഥനും ഇതുപോലൊരു ദുരന്തം ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തും. സത്യസന്ധമായ ഒരു ഉദ്യോഗസ്ഥന്റേയും ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പി പി ദിവ്യയെ പരോക്ഷമായാണ് മുഖ്യമന്ത്രി വിമർശിച്ചത്.
സിവില്‍ സര്‍വീസ് രംഗം മെച്ചപ്പെടണമെന്നും പഴയ കാലഘട്ടത്തിന്റെ ഹാങ് ഓവര്‍ ചിലര്‍ക്ക് ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഉണ്ടാവരുത്. കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. ഫയല്‍ നീക്കത്തിന്റെ വേഗം വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വകുപ്പുകള്‍ക്കിടയിലെ ഫയല്‍ നീക്കത്തിന് കാലതാമസം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
എ.ഡി.എമ്മിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ ഒരു രീതിയിലുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം എൽ.ഡി.എഫ്. യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അന്വേഷണം ശരിയായ രീതിയിൽ നടക്കുമെന്നും അത് എത്രയും വേഗം പൂർത്തിയാക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിക്കുകയുണ്ടായി. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടാകില്ലെന്നും പി.പി. ദിവ്യക്കെതിരേ ഇപ്പോൾ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി.