വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണം; 19 വിദ്യാര്‍ഥികള്‍ക്കും ഉപാധികളോടെ ജാമ്യം

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണം; 19 വിദ്യാര്‍ഥികള്‍ക്കും ഉപാധികളോടെ ജാമ്യം
വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണം; 19 വിദ്യാര്‍ഥികള്‍ക്കും ഉപാധികളോടെ ജാമ്യം

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി.എസ്.ഡയസാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും തുടര്‍ന്നും തങ്ങളുടെ കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് സിദ്ധാര്‍ഥന്റെ മരണത്തിന് തങ്ങളാണ് കാരണക്കാരെന്ന ആരോപണങ്ങളും പ്രതികള്‍ നിഷേധിച്ചിരുന്നു. വിദ്യാര്‍ഥികളാണെന്നും തുടര്‍ പഠനത്തിന് അവസരമൊരുക്കണമെന്നും പ്രതികള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. നേരത്തെ സംസ്ഥാന പൊലീസിന്റെയും സിബിഐയുടെയും കേസ് ഡയറികള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. രേഖപ്പെടുത്തിയിട്ടുള്ള സാക്ഷി മൊഴികള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ആത്മഹത്യ പ്രേരണ, റാഗിങ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കല്‍പറ്റ സെഷന്‍സ് കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്. ഇതാണ് സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തിലും പറഞ്ഞിരിക്കുന്നത്. മകന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മാതാവ് ഷീബയും കക്ഷി ചേര്‍ന്നിരുന്നു സിദ്ധാര്‍ഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിദ്ധാര്‍ഥന്റെ അമ്മ പറഞ്ഞിരുന്നു.

Top