CMDRF

എത്യോപ്യയിൽ മണ്ണിടിച്ചിൽ; മരണം 500 കടക്കുമെന്ന് യുഎൻ

എത്യോപ്യയിൽ മണ്ണിടിച്ചിൽ; മരണം 500 കടക്കുമെന്ന് യുഎൻ
എത്യോപ്യയിൽ മണ്ണിടിച്ചിൽ; മരണം 500 കടക്കുമെന്ന് യുഎൻ

ആഡിസ് അബബ: തെക്കൻ എത്യോപ്യയിലുണ്ടായ രണ്ട് മണ്ണിടിച്ചിലിൽ മരണം 275 ആയി. മരണ സംഖ്യ 500 കടന്നേക്കുമെന്ന് യുഎൻ ഏജൻസികൾ പറയുന്നു. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലാണ്. തെക്കൻ എത്യോപ്യയുടെ പർവതപ്രദേശമായ ഗോഫയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. പിന്നീട് ഇവിടെ ഓടിക്കൂടിയ ആളുകളുടെ മേൽ വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കെ വീണ്ടും മണ്ണിടിഞ്ഞതാണ് ദുരന്തത്തിന്‍റെ ആഘാതം വർധിപ്പിച്ചത്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവിൽ എത്ര പേർ മണ്ണിനടിയിലാണെന്ന് വ്യക്തമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. ഇവിടേക്ക് എത്താൻ റോഡുകൾ ഇല്ലാത്തതിനാൽ മണ്ണ് മാറ്റാനായി മണ്ണുമാന്തി അടക്കമുള്ള യന്ത്രങ്ങൾ പ്രദേശത്തേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും, മണ്ണ് മാറ്റാനായി പിക്കാസും മഴുവും പോലുള്ള ഉപകരണങ്ങളാണ് പ്രദേശവാസികൾ ഉപയോഗിക്കുന്നത്. മണ്ണിനടിയിൽപ്പെട്ട ഉറ്റവർക്കായി ന​ഗ്നമായ കൈകളുപയോ​ഗിച്ചാണ് പ്രദേശവാസികൾ മണ്ണ് മാറ്റുന്നത്. മണ്ണ് ഇടിയുമോ എന്ന ഭീതിയും പ്രദേശത്ത് നില നിൽക്കുന്നുണ്ട്.

തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ (199 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സതേൺ നേഷൻസ്, നാഷണാലിറ്റിസ് ആൻഡ് പീപ്പിൾസ് റീജിയൺ (എസ്എൻഎൻപിആർ) എന്നറിയപ്പെടുന്ന സംസ്ഥാനത്തിൻ്റെ ഭാഗമാണ് ഗോഫ. ആദ്യ മണ്ണിടിച്ചിലിന് ഏതാനും മിനിറ്റുകൾക്ക് ശേഷം രണ്ടാമത്തെ മണ്ണിടിച്ചിൽ സംഭവിച്ചതായി പാർലമെന്റേറിയൻ കെമാൽ ഹാഷി മുഹമ്മദ് പറഞ്ഞു.

Top