ഭൂമിതരംമാറ്റൽ അപേക്ഷകളിൽ ആറുമാസത്തിനകം തീരുമാനം;മന്ത്രി കെ. രാജൻ

ഭൂമിതരംമാറ്റൽ അപേക്ഷകളിൽ ആറുമാസത്തിനകം തീരുമാനം;മന്ത്രി കെ. രാജൻ

തിരുവനന്തപുരം: ഭൂമി തരംമാറ്റൽ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ ഡെപ്യൂട്ടി കലക്ടർമാരെ കൂടി ഉൾപ്പെടുത്തി നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന് തുടക്കമായി.

സംസ്ഥാനതല ഉദ്ഘാടനം ജില്ല കലക്ടറേറ്റിൽ റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഭൂമി തരം മാറ്റൽ അപേക്ഷകളിൽ ആറു മാസത്തിനുള്ളിൽ തീരുമാനമാകുമെന്ന് മന്ത്രി പറഞ്ഞു.

ഭൂമി തരംമാറ്റൽ നടപടികളുടെ വേഗം കൂട്ടാനും ജനങ്ങളുടെ പ്രശ്‌നങ്ങൾ അതിവേഗം പരിഹരിക്കാനും പുതിയ മാറ്റങ്ങളിലൂടെ സാധിക്കും. തരംമാറ്റൽ നടപടികളിൽ ഏജന്റുമാരുടെ ഇടപെടൽ അനുവദിക്കില്ല. ഏജന്റുമാരെ നിയന്ത്രിക്കുന്നതിന് റവന്യൂ വിജിലൻസ് വിഭാഗത്തിന്‍റെ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഭൂമി തരംമാറ്റൽ അപേക്ഷകളുടെ തീർപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിയിലൂടെ റവന്യൂ ഡിവിഷനൽ ഓഫിസർമാർക്ക് മാത്രമുണ്ടായിരുന്ന അധികാരങ്ങൾ ഡെപ്യൂട്ടി കലക്ടർമാർക്ക് കൂടി നൽകി.

ഇതോടെ സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷനൽ ഓഫിസുകളിലായി നടത്തിവരുന്ന ഭൂമി തരം മാറ്റൽ നടപടികൾ ഇനി മുതൽ വീകേന്ദ്രീകരിച്ച് താലൂക്കടിസ്ഥാനത്തിൽ 71 ഡെപ്യൂട്ടി കലക്ടർമാർ ചെയ്യും. ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അധ്യക്ഷതവഹിച്ചു.

Top