ഷിരൂരില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം

ഷിരൂരില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം
ഷിരൂരില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം

കര്‍ണാടക: മണ്ണിടിച്ചില്‍ നടന്ന കര്‍ണാടക ഷിരൂരില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. ഷിരൂരില്‍ നിന്ന് 60 കിലോമീറ്റര്‍ ചുറ്റളവില്‍ ഹൊന്നാവാര കടലില്‍ ഒഴുകിനടക്കുന്ന രീതിയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാലില്‍ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനക്ക് ശേഷമേ മൃതദേഹം ആരുടെയെന്ന് സ്ഥിരീകരിക്കാനാകൂ.

ഷിരൂര്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്‍ അടക്കമുള്ള മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുനിന്നും ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയതായി ഈശ്വര്‍ മാല്‍പെയും സ്ഥിരീകരിച്ചിട്ടുണ്ട്.

മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Top