CMDRF

മുകേഷിനെതിരെ ദീപ നിശാന്ത്

മുകേഷില്‍ നിന്നും നേരിട്ട അതിക്രമങ്ങളെ കുറിച്ച് മുന്‍ ഭാര്യ സരിത നേരത്തെ നല്‍കിയ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ കൂടി പങ്കുവെച്ചുകൊണ്ടാണ് ദീപ നിശാന്തിന്റെ കുറിപ്പ്.

മുകേഷിനെതിരെ ദീപ നിശാന്ത്
മുകേഷിനെതിരെ ദീപ നിശാന്ത്

തൃശൂർ: ലൈംഗികാതിക്രമ പരാതി നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിനെതിരെ രൂക്ഷ വിമർശനവുമായി അധ്യാപികയും ഇടതുപക്ഷ സഹയാത്രികയുമായ ദീപ നിശാന്ത്. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലിൽ വളരാൻ അനുവദിക്കരുതെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

‘ചില കാര്യങ്ങൾ പറയേണ്ട സമയത്തു തന്നെ പറയണം. ഇടതുപക്ഷമാണെന്ന അഭിമാനബോധത്തോടെ തന്നെയാണ് പറയുന്നത്. നാഴികയ്ക്കു നാൽപ്പതു വട്ടം നാടക പാരമ്പര്യവും കുടുംബ പാരമ്പര്യവും രാഷ്ട്രീയപാരമ്പര്യവും പറഞ്ഞ് നടക്കുന്ന അയാളെപ്പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലിൽ ഇനിയും വളരാൻ അനുവദിക്കരുത്,’ ദീപയുടെ കുറിപ്പിൽ പറയുന്നു. ഇന്ത്യാ വിഷൻ ചാനലിലെ അവതാരകയായിരുന്ന വീണ ജോർജ്ജിനോട് മുഖാമുഖം പരിപാടിയിൽ മുകേഷിൻ്റെ മുൻ ഭാര്യ സരിത നടത്തിയ വെളിപ്പെടുത്തലുകളും ദീപാ നിശാന്ത് കുറിപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സിനിമകളിൽ നമ്മെ പൊട്ടിച്ചിരിപ്പിച്ച നടൻ വീട്ടിൽ ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളതെന്നും അന്നും അത് ഒരു പരിമിതവൃത്തത്തിനപ്പുറം ചർച്ചയായില്ലെന്നും ദീപ നിശാന്ത് പറയുന്നു.മുകേഷ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനെ കുറിച്ചും മക്കളെ പൂർണമായും അവഗണിച്ചതിനെ കുറിച്ചുമെല്ലാം സരിത ഈ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇതിൽ ആദ്യ ആരോപണം ഉന്നയിച്ച ജൂനിയർ ആർട്ടിസ്റ്റ് പരാതി നൽകിയിട്ടുണ്ട്. മുകേഷിനെ കൂടാതെ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, ലോയേഴ്‌സ് കോൺഗ്രസ് നേതാവ് അഡ്വ.വി എസ് ചന്ദ്രശേഖർ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ,വിച്ചു എന്നിവർക്കെതിരെയും ജൂനിയർ ആർട്ടിസ്റ്റ് പരാതി നൽകിയിട്ടുണ്ട്.

Also read:ഫെഫ്ക സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു

സുഹൃത്തായിരുന്ന നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയുടെ ആരോപണമാണ് രണ്ടാമത്തേത്. അമ്മ തനിച്ചായിരുന്ന സമയത്ത് വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറുകയും ഉടൻ തന്നെ സുഹൃത്തായിരുന്ന നടിയുടെ അമ്മ നടനെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു എന്നാണ് സന്ധ്യ പറഞ്ഞത്.ഈ പരാതികൾക്ക് പിന്നാലെ മുകേഷ് പദവികൾ വിട്ടൊഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് സിപിഐഎമ്മിൽ നിന്നടക്കം ആവശ്യങ്ങളുയർന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാമേഖലയിലെ വ്യക്തികളിൽ നിന്നും നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് നിരവധി പേരാണ് രംഗത്തുവരുന്നത്.

ആരോപണങ്ങൾക്ക് പിന്നാലെ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിപിഐഎം തീരുമാനത്തെ തുടർന്നാണ് നടപടി. സിനിമാ നയരൂപീകരണ സമിതിയിൽ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിരുന്നു. എന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവെക്കില്ലെന്നും സിപിഐഎം വ്യക്തമാക്കിയിരുന്നു.ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എൻ കരുൺ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്. ലൈംഗികാരോപണ വിധേയനായ മുകേഷ് ഈ സമിതിയിൽ തുടരരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തെത്തുകയായിരുന്നു.

Top