ദോഹ: വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിലേക്കുള്ള യോഗ്യത റൗണ്ടിൽ ഖത്തറിന്റെ കുതിപ്പിന് യു.എ.ഇയുടെ വക ലഭിച്ചത് വല്ലാത്ത തിരിച്ചടി. അബുദാബിയിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ നാല് ഗോളുമായി പത്താം നമ്പർ താരം ഫാബിയോ ലിമ കളം നിറഞ്ഞാടിയപ്പോൾ 5-0ത്തിന് ഖത്തർ തോറ്റു. നാലാം മിനിറ്റിൽ തുടങ്ങിയ ഗോളടിയുമായി മേധാവിത്വം സ്ഥാപിച്ച ഇമറാത്തി സംഘം അവസാന മിനിറ്റു വരെ കളം അടക്കി കളിക്കളത്തിലെ കിരീടം ചൂടി.
Also Read : മെസ്സിപ്പടയെത്തും; സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ
വലിയ പ്രതീക്ഷകളോടെ വിമാനം കയറിയ അന്നാബികൾക്ക് പ്രതിരോധത്തിലെ പിഴവുകളും, മുന്നേറ്റ നിരയിലേക്ക് ഉള്ള പന്തൊഴുക്ക് തടസ്സപ്പെട്ടതും വൻ തിരിച്ചടിയായി മാറി. കളിയിൽ 45, 45+5, 56 മിനിറ്റുകളിലായി ഫാബിയോ ലിമ സ്കോർ ചെയ്തു. 73ാം മിനിറ്റിൽ യഹ്യ അൽ ഗസാനി കൂടി ലക്ഷ്യം കണ്ടതോടെ ഖത്തറിന്റെ തോൽവി ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇനിയുള്ള ആദ്യ രണ്ടിൽ ഇടം പിടിക്കാൻ, ശേഷിച്ച മത്സരങ്ങളിൽ വിജയം അനിവാര്യമായ ഖത്തറിന് ഈ തോൽവിയുടെ ഭാരം ക്ഷീണമായി മാറും.