ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലിൽ കഴിയുന്ന കെജ്‌രിവാളിന്റെ അപേക്ഷയിൽ വിധി പറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്‌രിവാളിന്റെ നടപടിയെ സി.ബി.ഐ. എതിർത്തിരുന്നു.
അതേസമയം, വീണ്ടും വിചാരണക്കോടതിയിലേക്കു വിട്ടാൽ അത് പാമ്പും കോണിയും കളി പോലെയാകുമെന്ന് കെജ്‌രിവാൾ വാദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സി.ബി.ഐ. കേസിൽ ജാമ്യം ലഭിക്കാത്തതിനെത്തുടർന്നാണ് തിഹാർ ജയിലിൽ കഴിയുന്നത്.
സുപ്രീം കോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. മദ്യനയഅഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തിൽ മാർച്ച് 21നായിരുന്നു ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം ജയിലിൽ കഴിയുകയായിരുന്ന കെജ്രിവാളിന് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. മേയ് പത്തിനായിരുന്നു കെജ്രിവാൾ ജയിൽ മോചിതനായത്. ജൂൺ രണ്ട് വരെയായിരുന്നു ഇടക്കാല ജാമ്യം