കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. അതിപ്പോള്‍ തെളിഞ്ഞ് കഴിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുന്ന ഭരണാധികാരികളെ ലോകം ഒരുപാട് കണ്ടിട്ടുണ്ട്. അത്തരമൊരു പട്ടികയിലേക്കാണ് നരേന്ദ്ര മോദിയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ഇന്ത്യയിലെ കരുത്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് വിശേഷിപ്പിച്ച അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ഇപ്പോള്‍ നിറയുന്നത് ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ നിലപാടുമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളെ അത്ഭുതത്തോടെയും ആശങ്കയോടെയുമാണ് ലോക രാജ്യങ്ങളും നോക്കി കാണുന്നത്. അതുകൊണ്ടാണ്, കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ജര്‍മ്മനിക്കും അമേരിക്കയ്ക്കും പിന്നാലെ ഐക്യരാഷ്ട്രസഭയും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
ഇക്കാര്യത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് മോദി സര്‍ക്കാറും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലപാടില്‍ നിന്നും ഈ രാജ്യങ്ങളൊന്നും പിന്‍മാറിയിട്ടില്ല. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്ന ഉപരാഷ്ട്രപതിയുടെ അഭിപ്രായം അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരം ഒരു സാഹചര്യം എങ്ങനെ ഉണ്ടായി എന്നതും അദ്ദേഹം ചിന്തിക്കേണ്ടതുണ്ട്.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല ഇന്ത്യ ജനസംഖ്യയിലും ഒന്നാം നിലയില്‍ തന്നെയാണ് ഇന്ത്യയുടെ സ്ഥാനം. അതുകൊണ്ടു തന്നെ ഉത്തരവാദിത്വവും വളരെ കൂടുതലാണ്.
ലോകത്തെ ജനാധിപത്യ ബോധം പഠിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ആ ഇന്ത്യയില്‍ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍, അതിനെ ആദ്യം എതിര്‍ക്കുന്നതും രാജ്യത്തെ ജനങ്ങള്‍ തന്നെ ആയിരിക്കും. കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട റാലിയും ഇതിന്റെ ഭാഗമാണ്. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ റാലിയില്‍ വന്‍ ജനപങ്കാളിത്വമാണ് ഉണ്ടായിരിക്കുന്നത്. ലോക മാധ്യമ ശ്രദ്ധയും ഈ റാലിയിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇതൊരു അസാധാരണ സ്ഥിതിവിശേഷം തന്നെയാണ്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിയ ഭരണകൂടമാണ് മോദി ഭരണകൂടമെന്ന് പറയുന്നവര്‍ നിലവിലെ ഈ അവസ്ഥയ്ക്കും മറുപടി പറയേണ്ടതുണ്ട്.
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടേയും പൗരന്മാരുടേയും അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനററിന്റെ വക്താവ് പറഞ്ഞിരിക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. കെജ്രിവാളിന്റെ അറസ്റ്റില്‍ സുതാര്യമായ നിയമപ്രക്രിയ വേണമെന്ന നിലപാട് ഇന്ത്യയുടെ പ്രതിഷേധത്തിനിടയിലും അമേരിക്ക വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ജര്‍മന്‍ വിദേശകാര്യമന്ത്രാലയ വക്താവും സമാനമായ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ഈ പ്രസ്താവനയിലുള്ള ശക്തമായ പ്രതിഷേധം കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇരു രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ട കാര്യമില്ല എന്നു തന്നെയാണ് അഭിപ്രായം. അക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. എന്നാല്‍, സാമ്രാജ്യത്വ ശക്തികള്‍ക്ക് അതിനുള്ള അവസരം ഉണ്ടാക്കി കൊടുത്തതിന് മോദി ഭരണകൂടം ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്.ഇത്തരം വിവാദങ്ങളെല്ലാം തന്നെ സ്വന്തം നിലയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ മോദി ഉയര്‍ത്തി കൊണ്ടുവന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായക്കു കൂടിയാണ് തിരിച്ചടിയായിരിക്കുന്നത്.
മോദി മൂന്നാംതവണയും അധികാരത്തില്‍ വരുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു എങ്കില്‍ ഒരു കാരണവശാലും കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടാവുമായിരുന്നില്ല. ലോകസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പ് പ്രതിപക്ഷത്തിന് വലിയ രാഷ്ടീയ ആയുധം നല്‍കുന്ന നിലപാട് വിവേകമുള്ള ഒരു ഭരണകൂടവും ചെയ്യുകയില്ല. ആ അബദ്ധമാണ് മോദി ഭരണകൂടം ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കെജ്രിവാള്‍ എന്ന ഡല്‍ഹി മുഖ്യമന്ത്രിയെ തന്റെ എതിരാളിയായി നരേന്ദ്ര മോദി പ്രഖ്യാപിച്ച കാഴ്ചയാണിത്.
ഡല്‍ഹിക്കു പുറമെ, പഞ്ചാബ് ഭരണം കൂടി പിടിച്ച ആം ആദ്മി പാര്‍ട്ടി മോദിയുടെയും അമിത് ഷായുടെയും സ്വന്തം തട്ടകമായ ഗുജറാത്തില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന സ്വാധീനമാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ മുന്നണിയുടെ താര പ്രചാരകനായി കെജ്രിവാള്‍ ഇറങ്ങിയാല്‍ അതൊരു വലിയ മുന്നേറ്റമാകുമെന്ന് മോദി ഒരു പക്ഷേ മനസ്സിലാക്കിയിരിക്കണം. അതുകൊണ്ടാകണം, കെജ്രിവാളിനെ അകത്താക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
2019-ല്‍ ബി.ജെ.പി മുന്നണിയ്ക്ക് വലിയ വിജയം സമ്മാനിച്ച യു.പി, ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആ വിജയം ഇത്തവണ ബി.ജെ.പിക്ക് തുടരാന്‍ കഴിയില്ലന്ന വിലയിരുത്തലും നിലവില്‍ ശക്തമാണ്. 400 സീറ്റ് എന്ന വലിയ ലക്ഷ്യം പറയുമ്പോഴും കേവല ഭൂരിപക്ഷത്തില്‍ എത്താനുള്ള തന്ത്രപരമായ നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ബീഹാറിലെയും ഒറീസയിലെയും ആന്ധ്രയിലെയും കര്‍ണ്ണാടകയിലെയും സഖ്യങ്ങളും മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തെ പിളര്‍ത്തിയതും ഈ നീക്കത്തിന്റെ ഭാഗമാണ്. ഇതൊക്കെ ചെയ്തിട്ടും അധികാരത്തില്‍ വരാന്‍ കഴിഞ്ഞില്ലങ്കില്‍ അത് ബി.ജെ.പിയെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിന്റെ തുടക്കമാകും.
പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍, കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മാത്രമല്ല മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയും നീക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അത്രമാത്രം പകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ മോദി സര്‍ക്കാറിനോട് ഉള്ളത്. ഇതാകട്ടെ മറ്റൊരു കാലത്തും ഇല്ലാത്തതുമാണ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കു പുറമെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ആണ് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നത്. ഇതിനു പിന്നാലെയാണിപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍, കേന്ദ്ര ഏജന്‍സികളുടെ കൈകള്‍ നെഹറു കുടുംബത്തിലേക്ക് വരെ നീളാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇ.ഡിക്ക് എതിരെ രംഗത്തു വരാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചതും ഈ സാധ്യതയാണ്.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരിക്കലും 400 സീറ്റുകള്‍ ബി.ജെ.പി മുന്നണിക്ക് കിട്ടാന്‍ പോകുന്നില്ല. രാജ്യത്തെ നിലവിലെ രാഷ്ട്രീയ ചിത്രം അതാണ് സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ ഒരു സാധ്യതയും ഇല്ലെങ്കിലും പ്രതിപക്ഷ സഖ്യമായ ഇന്ത്യാ സഖ്യം അധികാരത്തില്‍ വരുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. അതിന് വഴി ഒരുക്കിയതാെ ബി.ജെ.പിയുമാണ്. അതെന്തായാലും പറയാതെ വയ്യ . . .
EXPRESS KERALA VIEW