പ്രാചീന ഇന്ത്യയില്‍ നിലനിന്നിരുന്ന പരമ്പരാഗത ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവിഭാജ്യ ഘടകമാണ് ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം. സമഗ്രമായ പഠനത്തിനും സ്വഭാവ വികസനത്തിനും ഊന്നല്‍ നല്‍കുന്ന സവിശേഷമായ ഒരു വിദ്യാഭ്യാസ മാതൃകയായിരുന്നു അത്. വിദ്യാഭ്യാസം നേടുന്നതിനായി വിദ്യാര്‍ത്ഥികള്‍ അവരുടെ ഗുരുവിനൊപ്പം താമസിച്ചിരുന്ന ഒരു റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സമ്പ്രദായത്തെയാണ് ഗുരുകുലം സൂചിപ്പിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ഇന്നത്തെ ഹോസ്റ്റല്‍, കോച്ചിംഗ് സെന്ററുകളുടെയെല്ലാം ഒരു പഴയ വേര്‍ഷന്‍. എന്നാല്‍ ആധുനിക ഇന്ത്യയിലെ ഏറ്റവും ലാഭകരമായ ‘ബിസിനസ്’ ആശയങ്ങളിലൊന്നായാണ് വിദ്യാഭ്യാസം മാറിയിരിക്കുന്നത്. ഇന്ത്യയില്‍ വിദ്യാഭ്യാസ സേവനങ്ങള്‍ക്ക് വലിയൊരു വിപണിയുണ്ട്. ഇ-ലേണിംഗ് പ്ലാറ്റ്ഫോമുകളുടെ ഉയര്‍ച്ചയോടെ, തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ക്കും കോച്ചിംഗ് ക്ലാസ്സുകള്‍ക്കും ആവശ്യക്കാരേറെയാണ്. ലാഭം മാത്രം ലക്ഷ്യം വെക്കുന്ന കച്ചവട കൊതിയന്മാര്‍ വിദ്യാഭ്യാസത്തെ വ്യഭിചരിക്കുമ്പോള്‍ കാലങ്ങളായി പല രൂപത്തിലും ഭാവത്തിലും വേട്ടയാടപ്പെടുന്നത് യുവതലമുറയും അവരുടെ ഭാവിയെ കരുതുന്ന രക്ഷിതാക്കളുമാണ്.
രാജ്യത്തിന്റെ തലസ്ഥാന നഗരി അഭിമുഖീകരിക്കുന്ന ഭരണസംവിധാനത്തിലെ കെടുകാര്യസ്ഥതയുടെയും നിയമലംഘനത്തിന്റെയും ഒരു ഭീകരമായ ചിത്രമാണ് ഡല്‍ഹിയിലെ ഓള്‍ഡ് രജീന്ദര്‍ നഗറിലെ സിവില്‍ സര്‍വീസ് പരീക്ഷാ കോച്ചിംഗ് സെന്ററിലെ ദുരന്തം വരച്ചുകാട്ടുന്നത്. കോച്ചിങ് സെന്ററിന്റെ ഭൂഗര്‍ഭ നിലയില്‍ കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തില്‍ മുങ്ങിത്താഴ്ന്നത് സിവില്‍ സര്‍വീസ് എന്ന വലിയ ലക്ഷ്യവുമായി ഡല്‍ഹിക്ക് വണ്ടി കയറിയ മൂന്ന് യുവാക്കളാണ്. ശ്രേയ യാദവ്, നിവിന്‍ ഡാല്‍വിന്‍, തന്യ സോണി എന്നിവര്‍ യഥാര്‍ത്ഥത്തില്‍ ഇരകളാണ്. ലാഭക്കൊതിയന്മാരുടെ, ഭരണകൂടത്തിന്റെ ഉത്തരവാദിത്തരാഹിത്യത്തിന്റെ, രാഷ്ട്രീയ പാര്‍ട്ടികളുടെ നെറികെട്ട കളികളുടെ…സ്റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രം അനുമതിയുള്ള ബേസ്മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടാണെന്നാണ് റിപ്പോര്‍ട്ട്.
എല്ലായിടത്തെയും പോലെ തന്നെ ഇവിടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്പരമുള്ള പതിവ് കത്തിയേറുകള്‍ കാര്യക്ഷമമായി അരങ്ങേറുന്ന കാഴ്ചയും രാജ്യം കണ്ടു. ഉത്തരവാദിത്തം ബിജെപിക്കുമേല്‍ വെച്ചുമാറുന്ന സിവില്‍ ബോഡി (ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, എംസിഡി) നിയന്ത്രിക്കുന്ന ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും അല്ല മറിച്ചാണെന്ന ന്യായീകരണങ്ങളുമായി കേന്ദ്രം ഭരിക്കുന്ന ബിജെപിയും. പ്രദേശത്തെ ഡ്രെയിനേജ് ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രാദേശിക എംഎല്‍എയും എഎപി നേതാവുമായ ദുര്‍ഗേഷ് പഥക്കിനെ സമീപിച്ചെങ്കിലും നടന്നില്ലെന്ന് ബിജെപി പറഞ്ഞു. ബി.ജെ.പി ഈ വിഷയത്തില്‍ രാഷ്ട്രീയം കാണിക്കരുതെന്നും ബി.ജെ.പിയുടെ കൗണ്‍സിലര്‍ തന്റെ ഭരണകാലത്ത് വൃത്തിയായി പണി ചെയ്യാത്തതുകൊണ്ടുമാണ് ഇത് സംഭവിച്ചത് എന്നും ആപ് തിരിച്ചടിക്കുന്നു.
ഡല്‍ഹിയിലെ മൊത്തത്തിലുള്ള ഭരണസംവിധാനം കഴിഞ്ഞ കുറച്ച് നാളുകളായി കഷ്ടപ്പെടുകയാണ് എന്നതാണ് വസ്തുത. കൂനിന്മേല്‍ കുരുവായി അരവിന്ദ് കെജ്‌രിവാളിന്റെ ജയില്‍വാസവും. കൃത്യമായി പറഞ്ഞാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനോ, ചുക്കാന്‍ പിടിക്കാനോ മന്ത്രിമാരെയും ഓഫീസര്‍മാരെയും നയിക്കാന്‍ ഫലപ്രദമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവസ്ഥയിലോ അല്ല നേതൃത്വം. കെജ്‌രിവാളിന്റെ ജാമ്യവും അനിശ്ചിതത്വത്തിലാണ്. ജയിലില്‍ നിന്ന് മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാമെന്ന കെജ്രിവാളിന്റെ അനുമാനം ശരിയല്ല. ഈ സാഹചര്യം തുടരുന്ന സ്ഥിതിയാണെങ്കില്‍ ഡല്‍ഹി മുടന്തി തുടരുകയും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സംഭവങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യും.
കെജ്‌രിവാളും സിസോദിയയും ജയിലിലായതോടെ പാര്‍ട്ടി പിളരാനുള്ള ഗുരുതരമായ സാധ്യതയിലാണ്. നിലവിലുള്ള വ്യവസ്ഥിതിക്കെതിരെ പോരാടാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ, രാഷ്ട്രീയ അഭിലാഷങ്ങള്‍ക്കായി, മറ്റ് സ്ഥാപിത പാര്‍ട്ടികളില്‍ ഇടം നേടാത്തത് ഉള്‍പ്പെടെ വ്യത്യസ്ത കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ആം ആദ്മി കൂട്ടായ്മയിലെ അനിഷേധ്യ രാജാവാണ് കെജ്‌രിവാൾ.
ഒരു മുഖ്യമന്ത്രിക്ക് കാണാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആവശ്യമായ നിരവധി ഫയലുകള്‍ അദ്ദേഹത്തിന് എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും? നിര്‍ണായക/തീര്‍ച്ചയായിട്ടില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ എങ്ങനെ കാണും? ഒരു ക്യാബിനറ്റ് സംവിധാനത്തില്‍ ഇത്രയധികം ആവശ്യമായ മന്ത്രിസഭാ യോഗങ്ങള്‍ അദ്ദേഹത്തിന് എങ്ങനെ നടത്താനാകും? അതിനാല്‍, രാഷ്ട്രീയമോ ധാര്‍മ്മികമോ ആയ അദ്ദേഹത്തിന്റെ നിലപാട് എത്ര നല്ലതാണെങ്കിലും, അത് അപ്രായോഗികവും പ്രവര്‍ത്തനരഹിതവുമാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏഴ് ലോക്സഭാ സീറ്റുകളിലും വിജയിച്ച പാര്‍ട്ടിക്ക് 25 വര്‍ഷത്തിന് ശേഷം ഡല്‍ഹി തിരിച്ചുപിടിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. അധികാര കളികള്‍, രാഷ്ട്രീയ കുതന്ത്രങ്ങള്‍ എന്നിവയോട് ഡല്‍ഹി പോരാടേണ്ട നാളുകളാണ് ഇനി മുന്നിലുള്ളത്.
REPORT: MINNU WILSON