ഇന്ധന പമ്പുകളില്‍ ഡിജിറ്റല്‍ സ്‌കാനിംഗ് സൊല്യൂഷന്‍ നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

ഇന്ധന പമ്പുകളില്‍ ഡിജിറ്റല്‍ സ്‌കാനിംഗ് സൊല്യൂഷന്‍ നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍
ഇന്ധന പമ്പുകളില്‍ ഡിജിറ്റല്‍ സ്‌കാനിംഗ് സൊല്യൂഷന്‍ നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

ദേശീയ തലസ്ഥാനത്തെ ഇന്ധന പമ്പുകളില്‍ ഡിജിറ്റല്‍ സ്‌കാനിംഗ് സൊല്യൂഷന്‍ നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുന്നു, അവിടെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിന്റെ (PUCC) സാധുത പരിശോധിക്കാന്‍ ക്യാമറകള്‍ വാഹന ലൈസന്‍സ് പ്ലേറ്റുകള്‍ സ്‌കാന്‍ ചെയ്യും. ഈ വിഷയത്തില്‍ ഡിജിറ്റല്‍ സൊല്യൂഷന്‍ നടപ്പാക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ഡിടിഐഡിസി) ടെന്‍ഡര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ഡിജിറ്റല്‍ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ലേലക്കാരെ ക്ഷണിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ വാഹന മലിനീകരണം തടയാന്‍, സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കം നടത്തുകയാണ്. ഇതിനായിട്ടാണ് പെട്രോള്‍ പമ്പുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. അങ്ങനെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിലൂടെ തിരിച്ചറിയാനാകും. ഏകദേശം ആറ് കോടി രൂപയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് ചെലവ് എന്ന് പറയപ്പെടുന്നു. ഒരു വാഹനം പെട്രോള്‍ പമ്പില്‍ എത്തിയാലുടന്‍, സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറ ലൈസന്‍സ് പ്ലേറ്റ് സ്‌കാന്‍ ചെയ്യുകയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറില്‍ നിന്ന് . പ്രസ്തുത വാഹനത്തിന്റെ മലിനീകരണ തോത് സിസ്റ്റം ഉടന്‍ കണ്ടെത്തുകയും ചെയ്യുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ട്ടിഫിക്കറ്റ് സാധുതയുള്ളതാണെങ്കിലും അല്ലെങ്കിലും സിസ്റ്റം ഇത് കണ്ടെത്തും. തുടര്‍ന്ന് ഇ ചലാന്‍ പരിവാഹനിലേക്ക് വിവരം അപ്ലോഡ് ചെയ്യും.

ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഈ ടെന്‍ഡര്‍ 500 പെട്രോള്‍ പമ്പുകളിലേക്കും വ്യാപിപ്പിക്കാമെന്നും 100 പെട്രോള്‍ പമ്പുകളില്‍ നിലവിലുള്ള സിസിടിവി ക്യാമറകളില്‍ ഡിജിറ്റല്‍ സൊല്യൂഷന്‍ സ്ഥാപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സാധുവായ പിയുസി ഇല്ലാതെ ഡല്‍ഹിയിലെ റോഡുകളില്‍ ഏകദേശം 22 ലക്ഷം വാഹനങ്ങള്‍ ഓടുന്നുണ്ടെന്നും അതില്‍ 19 ലക്ഷം ഇരുചക്രവാഹനങ്ങളാണെന്നും കഴിഞ്ഞ വര്‍ഷം ഗതാഗത വകുപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയിരുന്നു.ഡല്‍ഹിയില്‍ സാധുതയുള്ള മലിനീകരണ സര്‍ട്ടിഫിക്കറ്റ് (പിയുസി) ഇല്ലാതെ വാഹനമോടിച്ചാല്‍ 10,000 രൂപ വരെ പിഴ ചുമത്താം. ആദ്യമായി പിടിക്കപ്പെട്ടാല്‍ 1000 രൂപയും രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ 2000 രൂപ വരെയും ചലാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ പിയുസി ഇല്ലാതെ വാഹനമോടിച്ചാല്‍ 10,000 രൂപ വരെ പിഴയോ ആറ് മാസം വരെ തടവോ രണ്ടും കൂടിയോ ലഭിക്കുമെന്നും ഗതാഗത വകുപ്പ് പറയുന്നു. ഇതിനുപുറമെ, വാഹന ഉടമയുടെ ലൈസന്‍സും മൂന്ന് മാസത്തേക്ക് റദ്ദാക്കാനും നിയമം ഉണ്ട്.

Top