ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പല തീരുമാനങ്ങളും തൊഴിലുടമയ്ക്കു സ്വീകരിക്കേണ്ടി വരും. തൊഴിലുമായി ബന്ധപ്പെട്ട കര്‍ശന നിലപാടിന്റെ പേരില്‍ തൊഴിലാളി ആത്മഹത്യ ചെയ്താൽ കേസെടുക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ബിആര്‍ അംബേദ്കര്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജികെ അറോറ, സീനിയര്‍ അസിസ്റ്റന്റ് രവീന്ദര്‍ സിങ് എന്നിവര്‍ക്കെതിരെ വിചാരണക്കോടതി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അമിത് ശര്‍മയുടെ നിരീക്ഷണം.
Also Read: എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ടകൾ
പ്രവൃത്തിയില്‍ ക്രിമിനല്‍ ലക്ഷ്യം ഇല്ലാത്തിടത്തോളം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. തൊഴിലാളിയെ ആത്മഹത്യയിലേക്ക് നയിക്കണം എന്ന ലക്ഷ്യം തൊഴില്‍ ഉടമയ്ക്ക് ഇല്ലാത്തിടത്തോളം അത് കുറ്റമല്ല. ഒരു പദവിയില്‍ ഇരിക്കുന്നയാള്‍ക്കു ചിലപ്പോള്‍ കര്‍ശനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അതിന്റെ പേരില്‍ ആത്മഹത്യാ പ്രേരണാകേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ പീഡനത്തില്‍ മനംനൊന്ത് 2013ല്‍ ഡല്‍ഹി സെക്രട്ടേറിയറ്റിനു പുറത്ത് ജീവനക്കാരി ആത്മഹത്യ ചെയ്ത കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം.