മദ്യനയഅഴിമതിക്കേസ്: കെജരിവാൾ മൂന്നു ദിവസം സിബിഐ കസ്റ്റഡിയിൽ

മദ്യനയഅഴിമതിക്കേസ്: കെജരിവാൾ മൂന്നു ദിവസം സിബിഐ കസ്റ്റഡിയിൽ

ഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാളിനെ സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കെജരിവാളിനെ മൂന്നു ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടത്.

കെജരിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതിമുറിയില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റിന് അനുമതി നല്‍കിയത്. തുടര്‍ന്ന് വൈകിട്ടോടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

മദ്യനയക്കേസില്‍ അഴിമതി നടത്തിയ സൗത്ത് ഗ്രൂപ്പുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് സിബിഐ കോടതിയില്‍ ആരോപിച്ചു. അതേസമയം, സിബിഐയും അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി കെജരിവാള്‍ പിന്‍വലിച്ചു. സിബിഐ അറസ്റ്റും ഉള്‍പ്പെടുത്തി പുതിയ ഹര്‍ജി നല്‍കും.

ജാമ്യം നല്‍കിയ റോസ് അവന്യൂ കോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വിചാരണ കോടതി കേസ് സംബന്ധിച്ച കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

കേസില്‍ വാദത്തിന് ആവശ്യമായ സമയം ഇഡിക്ക് നല്‍കിയില്ല. വിചാരണക്കോടതിയുടെ വിധിയില്‍ ധാരാളം പാളിച്ചകളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.ഹൈക്കോടതി സ്റ്റേ നല്‍കിയ സാഹചര്യത്തില്‍ ഇഡിയുടെ അപേക്ഷയില്‍ വീണ്ടും വാദം തുടരും.

ജൂണ്‍ 20നാണ് റോസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്ജി കെജരിവാളിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഇ ഡി നല്‍കിയ അപേക്ഷയില്‍ ജാമ്യം നല്‍കുന്നത് ഹൈക്കോടതി തല്ക്കാലത്തേക്ക് തടഞ്ഞു. ഇതിനെതിരെ കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Top