ഡൽഹി: മദ്യനയ അഴിമതിക്കേസിലെ ഇടക്കാല ജാമ്യം നീട്ടുന്നതിനായി വിചാരണക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഹരജി പരിഗണിക്കും. ഇടക്കാല ജാമ്യം നീട്ടണമെന്ന അപേക്ഷ സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് കെജ്രിവാൾ ജാമ്യം തേടി കീഴ്‌കോടതിയെ സമീപിച്ചത്.
മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടി ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ ദിവസം കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തിൽ വാദം കേൾക്കാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയത്. ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണം. വേണമെങ്കിൽ ആവശ്യം ഉന്നയിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാൾ വിചാരണക്കോടതിയിലെത്തിയത്.
ഇത്തരമൊരു ആവശ്യവുമായി എന്തുകൊണ്ട് കഴിഞ്ഞയാഴ്ച്ച സമീപിച്ചില്ലെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കുള്ള നിർദേശം ലഭിച്ചത് കഴിഞ്ഞ ദിവസമാണെന്നാണ് അഭിഭാഷകൻ അറിയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ തനിക്ക് പിഇടി -സിടി സ്‌കാൻ അടക്കം മെഡിക്കൽ പരിശോധനകൾ ആവശ്യമാണെന്നും ജാമ്യം നീട്ടി നൽകണമെന്നുമായിരുന്നു കെജ്രിവാളിന്റെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ജുൺ ഒന്നു വരെ ഇടക്കാല ജാമ്യം ലഭിച്ച കെജ്രിവാളിന് ജൂൺ രണ്ടിന് തീഹാർ ജയിലിലേക്ക് മടങ്ങണം. മാക്സ് ആശുപത്രിയിലെ മെഡിക്കൽ സംഘം ഇതിനകം പ്രാഥമിക പരിശോധനകൾ നടത്തിയിട്ടുണ്ട്. തുടർ പരിശോധന അനിവാര്യമാണെന്നും സാഹചര്യം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം നീട്ടിനൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കെജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കെജ്രിവാളിന് കോടതിയുടെ ‘പ്രത്യേക ചികിത്സ’ എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി വിമർശനം. അതിനിടെ ജൂൺ ഒന്നിന് ഇൻഡ്യാ മുന്നണി യോഗം വിളിച്ചിട്ടുണ്ട്. മുന്നണിയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും യോഗത്തിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. എന്നാൽ കെജ്രിവാൾ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കെജ്രിവാളിന് ജാമ്യം നൽകരുതെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി 21 ദിവസത്തേക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.