ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിലെ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. അറസ്റ്റും റിമാൻഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നൽകിയ ഹർജികളിൽ സുപ്രീം കോടതി നോട്ടീസയച്ചു. സിബിഐ പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം. സിബിഐയുടെ മറുപടി കൂടി ലഭിച്ച ശേഷം കേസിൽ സുപ്രീംകോടതി വാദം കേൾക്കും.
നേരത്തെ രണ്ട് ഹർജികളും ഡൽഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അരവിന്ദ് കെജ്‌രിവാൾ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടുണ്ട്. എന്നാൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം നേടിയാലേ കെജ്‌രിവാളിന് ജയിൽ മോചിതനാകാനാകൂ.
ജൂൺ 26നാണ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. കള്ളപ്പണ ഇടപാട് കേസിലെ ഇഡി അറസ്റ്റിൽ ജൂൺ 12ന് സുപ്രീംകോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിബിഐ അറസ്റ്റ്. തുടർന്ന് സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ജസ്റ്റിസ് നീന ബൻസാൽ ക്രിഷ്ണയുടെ സിംഗിൾ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. സിബിഐക്ക് കെജ്‌രിവാളിനെ കസ്റ്റഡിയിൽ സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ലെന്നും ജയിലിൽ കഴിയുന്നത് ഉറപ്പാക്കാൻ വേണ്ടിയാണ് സിബിഐ അറസ്റ്റ് എന്നുമായിരുന്നു കെജ്‌രിവാളിന്റെ വാദം.
മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നൽകരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്‌രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ 2ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.