CMDRF

വിനേഷിന്റെ ആരോപണങ്ങൾ തള്ളി ദില്ലി പൊലീസ്

വിനേഷിന്റെ ആരോപണങ്ങൾ തള്ളി ദില്ലി പൊലീസ്
വിനേഷിന്റെ ആരോപണങ്ങൾ തള്ളി ദില്ലി പൊലീസ്

ദില്ലി: കഴിഞ്ഞ ദിവസമാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് ദില്ലി പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. മുൻ ഗുസ്തി ഫെഡറഷൻ പ്രസിഡണ്ട് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കോടതിയിൽ മൊഴി കൊടുക്കേണ്ട വനിതാ ഗുസ്തി താരങ്ങൾക്ക് ഏർപ്പെടുത്തിയ സുരക്ഷ ദില്ലി പോലീസ് പിൻവലിച്ചെന്നായിരുന്നു വിനേഷിന്റെ ആരോപണം. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. എന്നാലിപ്പോൾ ആരോപണം തള്ളിയിരിക്കുകയാണ് ദില്ലി പൊലീസ്.

സുരക്ഷ പിൻവലിച്ചതല്ലെന്നും നിലവിൽ പ്രതിഷേധങ്ങൾ ഹരിയാനയിൽ നടക്കുന്നതിനാൽ, അവിടുത്തെ പോലീസിന് ചുമതല കൈമാറിയതാണെന്നുമായിരുന്നു ദില്ലി പോലീസിന്റെ വിശദീകരണം. പാരീസ് ഒളിംപിക്‌സിൽ വനിതകളുടെ ഫ്രീസ്‌റ്റൈൽ 50 കിലോ വിഭാഗത്തിൽ 100 ഗ്രാം അമിത ഭാരത്തിന്റെ പേരിൽ ഫൈനലിൽ നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു വിനേഷ്. തുടർന്ന് സ്വർണമെഡൽ നേടാനുള്ള അവസരം വിനേഷിന് നഷ്ടമായി. നാട്ടിലെത്തിയ താരത്തിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. പിന്നാലെയായിരുന്നു താരത്തിന്റെ കുറിപ്പ്.

സ്വീകരണത്തിനിടെ വിനേഷ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചിരുന്നു. അന്ന് ദില്ലിയിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടം തുടരും, സത്യം വിജയിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.” വിനേഷ് ശനിയാഴ്ച്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം, വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കില്ലെന്ന് വിനേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചില രാഷ്ട്രീയ പാർട്ടികൾ വിനേഷിനെ രാഷ്ട്രീയത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബ്രിജ് ഭൂഷണെതിരെ ലൈംഗികതിക്രമ ആരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ഭജറംഗ്പൂനിയ തുടങ്ങിയവർ ജന്തർ മന്തറിൽ വലിയ സമരത്തിന് നേതൃത്വം നൽകിയിരുന്നു. സമ്മർദ്ദങ്ങൾക്കൊടുവിൽ ബ്രിജ് ഭൂഷണെ ഫെഡറഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കുകയും ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

Top