ഡൽഹി: ഡൽഹി സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ വഴിത്തിരിവ്. ഗൂഗിളിനോട് വിവരങ്ങൾ തേടി ഡൽഹി പൊലീസ് രംഗത്ത്. സന്ദേശം അയച്ച ഇമെയിലിന്റെ ഐപി ഐഡിയെ കുറിച്ചാണ് ഗൂഗിളിനോട് വിവരങ്ങൾ തേടിയത്.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് ചെന്നൈയിലെ എൻഐഎ ഓഫീസിലേക്ക് അജ്ഞാത സന്ദേശമെത്തിയത്. മധ്യപ്രദേശിൽ നിന്നാണ് സന്ദേശമെത്തിയതെന്നാണ് സൂചന പുറത്തുവരുന്നത്. ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുന്ന കെട്ടിടം ബോംബ് വച്ച് തകർക്കുമെന്ന് ഇന്നലെയാണ് ഡൽഹി പൊലീസിന് ഇമെയിൽ സന്ദേശം ലഭിച്ചത്. സംഭവത്തിൽ ഡൽഹി പൊലീസ് സ്പെഷൽ സെല്ലും ലോക്കൽ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.