കൊച്ചി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മലയാളി വിദ്യാര്‍ഥി നെവിന്‍ ഡാല്‍വിന്റെ മരണവിവരം മാതാപിതാക്കള്‍ അറിയുന്നത് പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയപ്പോള്‍. മലയാറ്റൂര്‍ മുടങ്ങാമറ്റം സ്വദേശികളായ നെവിന്റെ അച്ഛനും അമ്മയും ഞായറാഴ്ച്ച പ്രാര്‍ഥനകള്‍ക്കായി ആലുവയിലെ പള്ളിയിലെത്തിയപ്പോഴാണ് മകന് നേരിട്ട ദുരന്തം അറിയുന്നത്.
നെവിന്റെ വിയോഗവാര്‍ത്തയറിഞ്ഞതോടെ ആരോഗ്യപ്രശ്‌നം നേരിട്ട ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. തിരുവനന്തപുരം സ്വദേശികളായ നെവിന്റെ കുടുംബം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാറ്റൂരില്‍ വസ്തു വാങ്ങി വീട് വച്ച് താമസിക്കുകയാണ്. കാലടി സര്‍വകലാശാലയിലെ ജിയോഗ്രഫി വിഭാഗം അധ്യാപികയാണ് നെവിന്റെ അമ്മ. അച്ഛന്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ്.
നെവിന് ഒരു സഹോദരിയുമുണ്ട്.ജെ.എന്‍.യുവില്‍ എം.ഫില്‍ വിദ്യാര്‍ഥിയായിരുന്നു നെവിന്‍. സിവില്‍ സര്‍വീസ് കോച്ചിങ്ങിനായാണ് ഡല്‍ഹിയില്‍ തന്നെ തുടര്‍ന്നത്.നെവിന് പുറമേ തെലങ്കാന സ്വദേശി തനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരും ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. കോച്ചിങ് കേന്ദ്രത്തിലാണ് വെള്ളംകയറി വിദ്യാർഥികൾ മരിച്ചത്.