ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ പത്ത് ബാഗ്‌രഹിതദിനങ്ങൾ നടപ്പാക്കാന്‍ ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ്. ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ക്കായാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌കൂള്‍മേധാവികള്‍ക്ക് സര്‍ക്കുലറയച്ചു. എന്‍.സി.ഇ.ആര്‍.ടി.യാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.
ഈ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ചരിത്രസ്മാരകങ്ങളും സാംസ്‌കാരികകേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കുന്നതാണ് പുതിയ മാര്‍ഗരേഖ. വ്യത്യസ്ത വിഷയങ്ങളിലുള്ള വിദ്യാര്‍ഥികളുടെ ധാരണ വിശാലമാക്കുന്നതിനും ചരിത്രാവബോധം വര്‍ധിപ്പിക്കുന്നതിനും പരിഷ്‌കാരം സഹായിക്കുമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ കത്തില്‍ പറയുന്നു.