ന്യൂഡൽഹി: ദിവസേന വഷളായി ഡൽഹിയിലെ വായുഗുണനിലവാരം. തുടർച്ചയായ അഞ്ചാം ദിവസം വായുനിലവാരം 428ലേക്ക് എത്തി. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കാഴ്ചപരിധി 800 മീറ്ററിലേക്ക് താഴ്ന്നതിന്റെ ഫലമായി 107 വിമാനങ്ങൾ വൈകുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്തു. ഡൽഹിയിലെ വായുഗുണനിലവാരം ഏറ്റവും മോശമായതിന്റെ സൂചനയാണിത്.
കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡൽഹിയിലെ പല കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലേക്ക് എത്തി. ബവാന-471, അശോക് വിഹാർ, ജഹനഗിരിപുര-466, മുണ്ട്ക, വാസിർപൂർ-463, ആനന്ദ് വിഹാർ, ഷാഹിദ്പൂർ, വിവേക് വിഹാർ-457, രോഹിണി, പഞ്ചാബ് ബാഗ് 449, എന്നിങ്ങനെയാണ് വായുഗുണനിലവാര സൂചിക.
Also Read: വന്ദേഭാരതിൽ വിളമ്പിയ സാമ്പാറിൽ പ്രാണി
ഗതാഗത തടസ്സങ്ങളടക്കം പലതരം പ്രശ്നങ്ങളാണ് ഈ മോശം കാലാവസ്ഥയുടെ ഫലമായി ഡൽഹിയിലുണ്ടാകുന്നത്. കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതുമൂലം ആളുകൾക്ക് അനുഭവപ്പെട്ടേക്കാം. ഡൽഹിയുടെ സമീപപ്രദേശങ്ങളായ നോയിഡയും ഗുരുഗ്രാമിലും വായുഗുണനിലവാര 308, 307 എന്നിങ്ങനെയാണ്. ഗാസിയാബാദിൽ വായുഗുണനിലവാരം 372 ആണ്. അതേസമയം, ഫരീദബാദിൽ മലിനീകരണം കുറവാണ്.
ജനങ്ങൾക്ക് മുന്നറിയിപ്പും വാഹനങ്ങൾക്ക് നിയന്ത്രണവും ഇതിന്റെ ഫലമായി സർക്കാർ പുറപ്പെടുവിച്ചിരുന്നു. പ്രൈമറി സ്കൂളുകൾക്ക് ക്ലാസുകൾ ഓൺലൈൻ ആക്കുകയും, ബി.എസ് 4ന് താഴെയുള്ള ഡീസൽ വാഹനങ്ങൾ ഡൽഹിയിലെ നിരത്തിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കുകയും ചെയ്തു.