ആറ് വര്‍ഷം മുമ്പുള്ള ഓര്‍ഡറിന് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഡെലിവറികോള്‍

ആറ് വര്‍ഷം മുമ്പുള്ള ഓര്‍ഡറിന്  ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഡെലിവറികോള്‍

മുംബൈ: ഫ്ലിപ്പ്കാർട്ടിൽ 2018 ല്‍ ഓര്‍ഡര്‍ നല്‍കിയ വസ്തുവിന്റെ ഡെലിവറി കോള്‍ വന്നത് ആറ് വര്‍ഷത്തിന് ശേഷം. ഈ രസകരമായ സംഭവം ഓര്‍ഡര്‍ ചെയ്ത ചെരുപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം എക്സില്‍ പങ്കുവച്ചാണ് യുവാവ് അറിയിച്ചിരിക്കുന്നത്. മുംബൈ സ്വദേശി അഹ്സന്‍ ഖര്‍ബായ് ആണ് 2018 മെയ് മാസത്തില്‍ ഒരു ജോടി സ്പാര്‍ക്സ് സ്ലിപ്പറുകള്‍ ഓര്‍ഡര്‍ ചെയ്തത്. പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ഓര്‍ഡര്‍ ചെയ്ത സാധനം ലഭിച്ചില്ല. ക്യാഷ് ഓണ്‍ ഡെലിവറി ആയതിനാല്‍ തന്നെ ഓര്‍ഡര്‍ ലഭിക്കാത്തത് വലിയ കാര്യമായി എടുത്തില്ല. എന്നാല്‍ ആറ് വര്‍ഷത്തിന് ശേഷം ഇദ്ദേഹത്തിന് ഡെലിവറിയില്‍ നിന്ന് കോള്‍ വന്നിരിക്കുകയാണ്.

2018 മെയ് 16-ന് 485 രൂപ വിലയുള്ള ഒരു ജോടി സ്പാര്‍ക്സ് സ്ലിപ്പറുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഓര്‍ഡര്‍ വിശദാംശങ്ങള്‍ അനുസരിച്ച്, സ്ലിപ്പറുകള്‍ എത്തേണ്ടിയിരുന്നത് മെയ് 20 ന് ആയിരുന്നു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ചെരുപ്പുകള്‍ എത്തിയില്ല എന്നുമാത്രമല്ല ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാനും ഫ്ലിപ്പ്കാർട്ടിൽ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇടയ്ക്കിടെ ഡെലിവറി മെസ്സേജുകള്‍ വരാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. സമാനമായ അനുഭവം പങ്കുവെച്ച് നിരവധി പേരാണ് പോസ്റ്റിനടിയില്‍ എത്തിയിരിക്കുന്നത്. 2015 ല്‍ ഓര്‍ഡര്‍ ചെയ്ത സാധനം ഇനിയും കിട്ടിയിട്ടില്ലെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Top