ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പാറ്റ്) രസീതുകള്‍ കൂടി എണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവില്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്‌എണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിങ് മെഷീനൊപ്പവും ഉള്ള വിവിപാറ്റുകളിലേയും സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചത്. സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും ടാഗ് ചെയ്തുകൊണ്ടാണ് ബെഞ്ച് ഉത്തരവിറക്കിയത്.
ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തില്‍ വേണം വി.വി.പാറ്റ് എണ്ണാന്‍ എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശത്തേയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇത് അനാവശ്യമായ കാലതാമസം ഉണ്ടാക്കുമെന്നും ഒരേസമയം കൂടുതല്‍ വി.വി.പാറ്റ് വോട്ടുകള്‍ എണ്ണാന്‍ അനുവദിക്കുകയും വോട്ടെണ്ണാനായി ഓരോ മണ്ഡലത്തിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്താല്‍ അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് മുഴുവന്‍ വി.വി.പാറ്റ് വോട്ടുകളും എണ്ണാന്‍ കഴിയുമെന്ന് ഹര്‍ജിയില്‍ പറയുന്നു.