ആഗോള ടയർ വ്യവസായികൾ റബറിനായി പരക്കം പായുന്നു. മുഖ്യ കയറ്റുമതി രാജ്യമായ തായ്‌ലൻഡിൽ മഴ മൂലം ടാപ്പിങ് അടിക്കടി സ്‌തംഭിച്ചതോടെ യഥാസമയം ചരക്ക് കയറ്റുമതി നടത്താൻ അവർ ക്ലേശിക്കുകയാണ്. ശക്തമായ മഴ തുടരുമെന്ന തായ് കാലാവസ്ഥ വിഭാഗത്തിന്റെ വിലയിരുത്തൽ കൂടി കണക്കിലെടുത്താൽ അടുത്ത മാസം രണ്ടാം പകുതിയിലും വിപണിയെ ബാധിച്ച പ്രതിസന്ധി വിട്ടുമാറില്ല. തായ്‌ലൻഡിൽ ടാപ്പിങ് മഴ തടസ്സപ്പെടുത്തിയതോടെ, ബാങ്കോക്കിൽ റബർ വില 20,131 രൂപയിൽ നിന്നും 21,650 ലേക്ക് കയറി. ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ അവധി വിലകളിലും മുന്നേറ്റം, നിരക്ക് 337 യെന്നിൽ നിന്നും 351 ലേക്ക് ഉയർന്നു. ഫണ്ടുകളും ഓപറേറ്റർമാരും പുതിയ വാങ്ങലിന് കാണിച്ച ഉത്സാഹം സിംഗപ്പുർ, ചൈനീസ് വിപണികളിലും റബറിൽ കുതിപ്പ് സൃഷ്‌ടിച്ചു. ഉത്തരേന്ത്യൻ വ്യവസായികളും പിരിമുറുക്കത്തിലാണ്. ഷീറ്റ് ക്ഷാമം മൂലം സൈക്കിൾ ടയർ നിർമാതാക്കളും ഇതര റബർ, റബറധിഷ്ഠിത വ്യവസായികളും ഉൽപാദനം കുറക്കുകയോ, താൽക്കാലികമായി നിർത്തിവെക്കാനോ നിർബന്ധിതരായി. അഞ്ചാം ഗ്രേഡ് 23,100 രൂപയിലും ഒട്ടുപാൽ 14,500 രൂപയിലും ലാറ്റക്‌സ് 14,200 രൂപയിലുമാണ്. ടയർ കമ്പനികൾ നാലാം ഗ്രേഡ് റബർ 23,600 രൂപക്ക് ശേഖരിച്ചു.
Also Read:ബ്രെന്റ്ഫോർഡിനെ വീഴ്ത്തി ലിവർപൂൾ
കാലാവസ്ഥ വ്യതിയാനം മൂലം ഏലം സീസൺ സെപ്‌റ്റംബറിലും തുടങ്ങില്ല. അതേസമയം സീസൺ അടുക്കുന്നത് മുൻനിർത്തി ഒരു വിഭാഗം മധ്യവർത്തികൾ സ്‌റ്റോക്കുള്ള ഏലക്ക വിറ്റുമാറാൻ തിടുക്കം കാണിച്ചു. അപ്രതീക്ഷിതമായി ലേല കേന്ദ്രങ്ങളിൽ വരവ് ഉയർന്നത് അവസരമാക്കി കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും മത്സരിച്ച് ചരക്ക് വാങ്ങി. ഒറ്റ ദിവസം രണ്ട് ലേലങ്ങൾ നടന്നപ്പോൾ ഒരു ലക്ഷം കിലോയിലധികം ഏലക്ക വിൽപനക്ക് ഇറങ്ങി. വാരാവസാനം ശരാശരി ഇനങ്ങൾ 2154 രൂപയിലും മികച്ചയിനങ്ങൾ 2481 രൂപയിലുമാണ്.
ജൂൺ-ജൂലൈ കാലയളവിൽ പതിവു പോലെ ഏലം സീസൺ ആരംഭിക്കുമെന്നാണ് വിപണി വൃത്തങ്ങൾ ആദ്യം കണക്കുകൂട്ടിയത്. എന്നാൽ, മാർച്ച്-മേയിലെ കനത്ത വരൾച്ച സ്ഥിതിഗതികൾ തകിടം മറിച്ചു. കാലവർഷം കനത്തതും ഏലം കൃഷിയെ ബാധിച്ചു. നിലവിൽ സെപ്‌റ്റംബറിൽ പ്രതീക്ഷിച്ച വിളവെടുപ്പ് ഒക്‌ടോബറിലേക്ക് നീളുമെന്നാണ് കണക്കാക്കുന്നത്. ഉത്സവ സീസണിന് തുടക്കം കുറിക്കുന്നതിനാൽ ലഭ്യത ഉയർന്നില്ലെങ്കിൽ ഏലം വില കുതിച്ചുകയറാം.
ഉത്തരേന്ത്യയിൽ വിദേശ കുരുമുളക് ആധിപത്യം പിടിക്കാൻ ശ്രമം തുടരുന്നു, ശക്തമായ മത്സരമാണ് നാടൻ ചരക്കുമായി വിപണിയിൽ നടക്കുന്നത്. ഇറക്കുമതിക്കാർ വില കുറച്ച് വാഗ്ദാനം ചെയ്‌തിട്ടും വിദേശ മുളകിന് ഡിമാൻഡില്ല. ശൈത്യം ശക്തിപ്രാപിക്കും മുമ്പേ സ്‌റ്റോക്ക് വിറ്റുമാറാനുള്ള ശ്രമത്തിലാണ് വ്യവസായികൾ. കൊച്ചിയിൽ അൺ ഗാർബിൾഡ് 64,400 രൂപയിൽ വിപണനം നടന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 8000 ഡോളർ.
നാളികേരോൽപന്ന വിപണിയും കാർഷിക മേഖലയും ഓണ ഡിമാൻഡിൽ ഉറ്റുനോക്കുന്നു. കാങ്കയം ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട കൊപ്രയാട്ട് മില്ലുകാർ ഓണത്തിന് ബംബർ വിൽപനയാണ് മുന്നിൽ കാണുന്നത്. വെളിച്ചെണ്ണ 16,300 രൂപയിൽ നിന്ന് 16,500 ലേക്ക് കയറിയപ്പോൾ കൊപ്ര 10,400 രൂപയായി ഉയർന്നു. കാലാവസ്ഥ തെളിഞ്ഞതോടെ, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പും ഊർജിതമായി.