ഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മമത ബാനര്‍ജിയെ നീക്കാന്‍ കോടതിയുടെ നിര്‍ദേശം തേടിയ അഭിഭാഷകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്. കോടതിയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആദ്യം കോടതിയില്‍ നിന്ന് നിങ്ങളെ പുറത്താക്കേണ്ടിവരുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ പരാമര്‍ശം. യുവ ഡോക്ടറുടെ കൊലപാതകത്തില്‍ സ്വമേധ എടുത്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പശ്ചിമബംഗാളില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രി രാജി വെക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
വാദം പൂര്‍ത്തിയാകാനിരിക്കെ മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് ഇടക്കാല അപേക്ഷ ഫയല്‍ ചെയ്യാന്‍ അഭിഭാഷകന്‍ ശ്രമിച്ചിരുന്നു. ഇടക്കാല അപേക്ഷയിലെ രാഷ്ട്രീയ താത്പര്യത്തെ കുറിച്ച് പരാമര്‍ശിച്ച കോടതി വിഷയത്തില്‍ അതൃപ്തിയും അറിയിച്ചിരുന്നു.നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് വാദിക്കുന്നത്? ഇതൊരു രാഷ്ട്രീയ വേദിയല്ല. നിങ്ങള്‍ ബാര്‍ അംഗമാണെന്നത് ഓര്‍മ വേണം. ഞങ്ങള്‍ എന്ത് പറയുന്നു എന്നതിന് നിങ്ങളുടെ അംഗീകാരം ആവശ്യമില്ല. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിയമപരമായ അച്ചടക്കം പാലിച്ചിരിക്കണം. എതെങ്കിലുമൊരു രാഷ്ട്രീയ പ്രവര്‍ത്തകനോ പ്രസ്ഥാനത്തിനോ എതിരെ നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനല്ല കോടതിയുള്ളത്. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല, ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു.
കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുടെ പരാതികള്‍ കേള്‍ക്കുകയാണ് കോടതിയുടെ ഉദ്ദേശ്യം. മുഖ്യമന്ത്രിയോട് രാജിവെക്കാന്‍ പറയുകയാണ് ലക്ഷ്യമെങ്കില്‍ അത് കോടതിയുടെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ വകവെയ്ക്കാതെ അഭിഭാഷകന്‍ വാദം തുടര്‍ന്നതോടെ ‘നിങ്ങള്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആദ്യം നിങ്ങളെ പുറത്താക്കേണ്ടിവരു’മെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്.