മുഖം മിനുക്കി ആധുനിക ടെക്നോളജിയുമായി പുനഃസംപ്രേഷണം തുടങ്ങിയ റിപ്പോർട്ടർ ചാനൽ, മറ്റ് മുഖ്യധാരാ ചാനലുകൾക്ക് ഉയർത്തുന്നത് വൻ ഭീഷണി. ലൈവ് റിപ്പോർട്ടിങ്ങിൽ പുതിയ ശൈലി പിന്തുടരുന്ന റിപ്പോർട്ടർ ചാനൽ, കർണ്ണാടകയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മലയാളിയായ ഡ്രൈവർ അർജുനെ കാണാതായ സംഭവത്തിൽ ഇടപെട്ട് നടത്തിയ പ്രവർത്തനമാണ് ചാനൽ യുദ്ധത്തിൽ അവരെ ഇപ്പോൾ ഒറ്റയടിക്ക് മൂന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.
റിപ്പോർട്ടർ ചാനൽ ഈ വിഷയം ഏറ്റെടുത്ത് മറ്റു വാർത്തകൾ മാറ്റി വച്ച് നൽകിയ നിരന്തരമായ അപ്ഡേഷനുകൾ, യൂട്യൂബ് ലൈവിലും വൻ കുതിച്ച് ചാട്ടമാണ് ഉണ്ടാക്കിയിരുന്നത്. തുടർന്ന് റിപ്പോർട്ടർ ചാനലിനു പുറമെ മറ്റു മലയാള ചാനലുകൾക്കും മണ്ണിടിച്ചിൽ ഉണ്ടായ കർണ്ണാടകയിൽ തമ്പടിക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. മണ്ണിടിച്ചിൽ സംഭവം റിപ്പോർട്ട് ചെയ്തത് വഴി ലഭിച്ച പ്രേക്ഷക പിന്തുണയാണ് കഴിഞ്ഞ ആഴ്ചയിലെ ബാർക്ക് റേറ്റിങ്ങിൽ വൻ മുന്നേറ്റം നടത്താൻ റിപ്പോർട്ടർ ചാനലിന് കഴിഞ്ഞത്. 77 പോയിന്റുമായാണ് റിപ്പോർട്ടർ ടിവി മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
അതേസമയം, ഇപ്പോഴും ടി.ആർ.പിയിൽ ഒന്നാംസ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്. 125 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് നിൽക്കുന്നത്. ഏഷ്യാനെറ്റിന് പിന്നിൽ ശ്രീകണ്ഠൻ നായർ നേതൃത്വം നൽകുന്ന 24 ന്യൂസാണുള്ളത്. ഇരു ചാനലുകളും തമ്മിലുള്ള ടിആർപി വ്യത്യാസം 13 പോയിന്റുകൾ മാത്രമാണ്. 112 പോയിന്റുകളാണ് കഴിഞ്ഞ ആഴ്ച്ച 24 ന്യൂസ് ടിആർപിയിൽ നേടിയിരിക്കുന്നത്.
നേരത്തെ ശബരിമല യുവതി പ്രവേശന വിധി വന്നതിന് പിന്നാലെ ഏഷ്യാനെറ്റിന്റെ തൊട്ടടുത്ത് സംഘപരിവാർ ചാനലായ ജനം ടിവി എത്തിയിരുന്നു. എന്നാൽ, ടിആർപിയിലെ ഈ മുന്നേറ്റം ചാനലിന് നിലനിർത്താൻ ആയിട്ടില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ചാനൽ അഞ്ചും ആറും ഏഴും സ്ഥാനങ്ങളിലാണ് എത്തിനിൽക്കുന്നത്. പതിവായി മൂന്നാം സ്ഥാനം നിലനിർത്താറുള്ള മനോരമ ന്യൂസ് ഇത്തവണ നാലാം സ്ഥാനത്തേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. ടിആർപിയിൽ 66 പോയിന്റുകൾ നേടാനേ മനോരമ ന്യൂസിന് സാധിച്ചിട്ടുള്ളൂ.
അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമിക്ക് ടിആർപിയിൽ 62 പോയിന്റുകളാണ് ഉള്ളത്. ആറാം സ്ഥാനത്തുള്ളത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 22 പോയിന്റുകൾ നേടാനേ കൈരളിക്ക് സാധിച്ചിട്ടുള്ളൂ. സംഘപരിവാർ അനുകൂല ചാനലായ ജനം ടിവിക്കും ടിആർപിയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഇത്തവണയും സാധിച്ചിട്ടില്ല. 20 പോയിന്റുമായി കൈരളിക്കും പിന്നിൽ ജനം ടി.വി ഏഴാം സ്ഥാനത്താണുള്ളത്. 19 പോയിന്റുമായി ന്യൂസ് 18 കേരള എട്ടാം സ്ഥാനത്തുമാണ് ടിആർപി റേറ്റിങ്ങിലുള്ളത്. മീഡിയ വണ്ണിന് ലഭിച്ചിരിക്കുന്നത് 12 പോയിന്റുകളാണ്.
ഈ റേറ്റിങ് രീതി ചാനൽ ഉടമകളെയും ചിന്തിപ്പിക്കുന്നതാണ്. ഒറ്റയടിക്കാണ് റിപ്പോർട്ടർ ചാനലിൻ്റെ കുതിപ്പ് എന്നതിനാൽ, അത് ഇനിയും തുടർന്നാൽ മറ്റു ചാനലുകൾക്ക് ഭാവിയിൽ ഭീഷണിയാകും. ഇതിന് തടയിടാനുള്ള നീക്കങ്ങൾ ചാനൽ മനേജുമെൻ്റുകൾ ആലോചിക്കുന്നതിനിടെ, സകല മാധ്യമങ്ങളെയും അമ്പരപ്പിച്ച് പുതിയ പ്രഖ്യാപനവുമായി റിപ്പോർട്ടർ ചാനൽ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ഉരുൾപ്പൊട്ടലിൽ തകർന്നടിഞ്ഞ വയനാട്ടിലെ പ്രദേശങ്ങൾ റീ ക്രിയേറ്റ് ചെയ്യാൻ 150 ഏക്കർ ഭൂമിയും 100 ഓളം വീടുകളുമാണ് റിപ്പോർട്ടർ ചാനൽ മാനേജ്മെൻ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
സർക്കാറുമായും മറ്റു രാഷ്ട്രീയ നേതൃത്വങ്ങളുമായും ചേർന്ന് ടൗൺഷിപ്പ് നിർമ്മാണത്തിൽ പങ്കാളിത്തം വഹിക്കുമെന്നും, ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പ്രൊപ്പോസൽ നൽകുമെന്നുമാണ് റിപ്പോർട്ടർ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ അറിയിച്ചത്. ടൗൺഷിപ്പിൽ 15 സെന്റിൽ മൂന്ന് ബെഡ്‌റൂം ഉള്ള വീടുകൾ വെച്ചു നൽകാനാണ് തീരുമാനം. ഇക്കാര്യം ഒരു പ്രൊപ്പോസൽ ആയി തന്നെ മുഖ്യമന്ത്രിയെ അറിയിക്കാനാണ് തീരുമാനം. ഈ വാർത്ത റിപ്പോർട്ടർ ചാനൽ ബ്രേക്ക് ചെയ്തപ്പോൾ തന്നെ പിന്തുണയുമായി മന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.
പുത്തുമലയിൽ സംഭവിച്ചതുപോലെ കോളനി സംവിധാനം ഉണ്ടാക്കികൊടുക്കരുതെന്നും, പല വഴികളുള്ള ടൗൺഷിപ്പ് ആയിരിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് പ്രൊജക്ടിന്റെ വിശദാംശം പുറത്ത് വിട്ട് ചാനൽ എം.ഡി ആൻ്റോ അഗസ്റ്റിൻ വ്യക്തമാക്കിയിരിക്കുന്നത്. 600 വീടുകൾ ഉണ്ടാക്കുകയെന്ന് പറയുന്നത് ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ബുദ്ധിമുട്ടില്ലെന്നും’ ആന്റോ അഗസ്റ്റിൻ പറയുന്നു. ഇത്തരമൊരു അപ്രതീക്ഷിത നീക്കം റിപ്പോർട്ടർ ചാനൽ നടത്തിയത് മറ്റ് ചാനലുകളെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കേരളത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഇത്രയും വലിയ ഒരു തീരുമാനം മറ്റൊരു മാധ്യമവും പ്രഖ്യാപിച്ചിട്ടില്ല. അതു കൊണ്ടു തന്നെ മറ്റു വാർത്താ മാധ്യമങ്ങൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ഇപ്പോൾ ഉറ്റു നോക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് വയനാട്ടിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇതു സംബന്ധമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത് ജനങ്ങൾക്കും അധികാരികൾക്കും മുന്നിൽ എത്തിക്കുക എന്നതിലുപരി വലിയ സഹായ ഹസ്തവുമായി വാർത്താ മാധ്യമം രംഗത്ത് വന്നത്, മാധ്യമ പ്രവർത്തന മേഖലയ്ക്കും അപ്പുറമുള്ള ഇടപെടലാണ്. ഇത്തരം ഇടപെടലുകൾ റിപ്പോർട്ടർ ചാനലിന് കൂടുതൽ ജന സ്വീകാര്യത ഉണ്ടാക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. മറ്റു ചാനൽ ഉടമകളുടെ ഉറക്കം കൊടുത്തുന്നതും അതു തന്നെയാണ്.
EXPRESS VIEW