കളമശ്ശേരി ന​ഗരസഭാ ഓഫീസിൽ ഡെങ്കിപ്പനി; സൂപ്രണ്ട് അടക്കം ആറുപേർക്ക് രോഗം

കളമശ്ശേരി ന​ഗരസഭാ ഓഫീസിൽ ഡെങ്കിപ്പനി; സൂപ്രണ്ട് അടക്കം ആറുപേർക്ക് രോഗം

കൊച്ചി: കളമശ്ശേരി ന​ഗരസഭാ ഓഫീസിൽ സൂപ്രണ്ട് അടക്കം ആറ് ഉദ്യോ​ഗസ്ഥർക്ക് ഡെങ്കിപ്പനി. ന​ഗരസഭാപരിധിയിലെ വിവിധ ഇടങ്ങളിൽ ‍ഡെങ്കിപ്പനി പടരുന്നുണ്ട്. രോ​ഗലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ആദ്യഘട്ടത്തിൽ മഴപെയ്തതിനു പിന്നാലെ വെള്ളംകെട്ടിക്കിടന്നത് ഡെങ്കി വ്യാപനത്തിന് കാരണമായിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്.

കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽ പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങൾ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

Top