അരൂര്‍: പഞ്ചായത്ത് അതിര്‍ത്തിയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നു. 45 ദിവസത്തിനിടെ 85 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് കലക്ടര്‍ അടിയന്തര യോഗം വിളിച്ചു. തിങ്കളാഴ്ച മുതല്‍ പ്രത്യേക സംഘത്തിന്റെ പരിശോധന വ്യവസായ കേന്ദ്രങ്ങളിലടക്കം ഉണ്ടാകും. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് ഡെങ്കിപ്പനി ഏറെയും ബാധിക്കുന്നത്. പക്ഷേ, ഇവരിലൂടെ തദ്ദേശീയര്‍ക്കും രോഗഭീഷണി ഉണ്ടെന്നതിനാലാണ് അടിയന്തര പരിശോധന ആരംഭിക്കുന്നത്.
നിലവില്‍ ആരോഗ്യ വകുപ്പില്‍ എച്ച്.ഐ അടക്കം നാല് പോസ്റ്റുകളാണ് അരൂരില്‍ ഉള്ളത്. ഇതില്‍ ഒരൊഴിവില്‍ ആളില്ല. എച്ച്.ഐക്ക് രണ്ട് പഞ്ചായത്തുകളുടെ ചുമതലയുള്ളതിനാല്‍ ആഴ്ചയില്‍ രണ്ടുദിനം മാത്രമേ ഇവിടെ എത്താനാകൂ. അതിനാല്‍ പരിശോധന ശരിയായ വിധത്തില്‍ നടത്താന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഇടപെട്ടതും തിങ്കളാഴ്ച മുതല്‍ പ്രത്യേക പരിശോധന ആരംഭിക്കുന്നതും.
Also Read:നിപ; ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി
കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുന്നതിനൊപ്പം ആരോഗ്യ-തൊഴില്‍ വകുപ്പുകളില്‍നിന്നടക്കം തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്‌ക്വാഡാകും 28 വരെയുള്ള പ്രത്യേക പരിശോധനക്ക് നേതൃത്വം നല്‍കുക.
ഒപ്പം രണ്ടാഴ്ചത്തേക്ക് ഇവിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഇവരുടെ ഇടപെടലില്‍ അരൂരിലെ സാംക്രമിക രോഗസാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അവ ഒഴിവാക്കാന്‍ കഴിയുമെന്ന ലക്ഷ്യമാണ് അധികൃതര്‍ക്കുള്ളത്.