തൃശൂർ: തൃശൂർ പൊലീസ് അക്കാദമിയിൽ പരിശീലനത്തിനിരുന്ന ട്രെയിനികളിലൊരാൾ ഗർഭിണിയായി. ഒരു ഓൺലൈൻ മാധ്യമം വാർത്തയാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് അക്കാദമിയിൽ പരിശീലനത്തിനെത്തിയ യുവതി ട്രെയിനികളിലൊരാളുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും വിവാഹം ചെയ്ത് കുടുംബമുള്ളവരാണ്. പരിശീലനത്തിനിടയിൽ അധിക അവധിയിൽ പ്രവേശിച്ച ഇരുവരെയും അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. മറ്റൊരു പരീക്ഷക്കാണെന്ന് പറഞ്ഞ് വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കി കാണിച്ചാണ് ഇരുവരും മുങ്ങിയത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ വകുപ്പു തല അന്വേഷണത്തിനായി ഇവരെ മാറ്റി നിർത്തിയിട്ടുണ്ട്. ലീവ് എടുത്ത് മുങ്ങിയ ഇവർ തൃശൂർ പരിസരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി അബോർഷൻ നടത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പൂർത്തിയാകുമ്പോൾ ഇരുവരെയും പിരിച്ചുവിട്ടേക്കാം.
ഇപ്പോൾ നടക്കുന്ന പരിശീലനക്യാമ്പിൽ നിന്നും ഇരുവരെയും മാറ്റി നിർത്തിയിരിക്കുന്നത് അടുത്ത ബാച്ചിനൊപ്പം പരിശീലനം തുടരാവുന്ന രീതിയിലാണ്. സംഭവം ഗൗരവമായി തന്നെ എടുക്കണമെന്നും, ഇരുവരെയും സർവീസിൽ തുടരാൻ അനുവദിച്ചുകൂടയെന്നുമാണ് ഉന്നതതലത്തിൽ അഭിപ്രായം. വിഷയം തികച്ചും വ്യക്തിപരമാണെന്നും, പരിശീലനത്തെ ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും കടുത്ത നടപടികൾ പാടില്ലെന്നും അഭിപ്രായങ്ങളുണ്ട്. എന്നാൽ ഇത്തരം നടപടികൾ അനുവദിക്കാൻ കഴിയില്ല എന്നതാണ് ഔദ്യോഗിക അഭിപ്രായം.
ഇരുവരുടെയും കുടുംബങ്ങളിലും വകുപ്പ് തല അന്വേഷണം നടക്കും. കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുക്കും. എന്തായാലും അച്ചടക്ക ലംഘനവും, വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കിയതും കണക്കിലെടുത്ത് വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി കടുത്ത നടപടി ഇരുവർക്കും എതിരെ ഉണ്ടാവാനാണ് സാധ്യത. ഇതുവരെ ഇരുവർക്കുമെതിരെ കുടുംബത്തിൽ നിന്നോ മറ്റോ പരാതിയും കേസും രജിസ്റ്റർ ചെയ്തതായി അറിവില്ല.