മുംബൈ : മുംബൈക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ പുതിയ ചരിത്രം കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണി. അഞ്ച് മിനുട്ടേ ക്രീസില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും നിരവധി പുതിയ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്താണ് ധോണി മടങ്ങിയത്.
‘ഐപിഎല്‍ ചരിത്രത്തില്‍ ഒരിന്നിങ്‌സില്‍ നേരിടുന്ന ആദ്യ മൂന്നു പന്തുകളും സിക്‌സറിന് പറത്തുന്ന ആദ്യ ഇന്ത്യന്‍ താരം, ഓവറോള്‍ രണ്ടാമന്‍’. ഇതിനോടപ്പം മറ്റൊരു പ്രധാന റെക്കോര്‍ഡും ധോണി സ്വന്തം പേരിലാക്കി. ഇത് ഏഴാം തവണയാണ് ഇരുപതാം ഓവറില്‍ ധോണി ഇരുപത് റണ്‍സിന് മുകളില്‍ നേടുന്നത്. ഇരുപതാം ഓവറില്‍ മൂന്ന് തവണ മാത്രമാണ് മറ്റ് താരങ്ങള്‍ക്ക് ഐപിഎല്‍ മത്സരത്തില്‍ ഇരുപത് റണ്‍സ് മറികടക്കാനായത്.
ഇന്നലെ മുംബൈക്കെതിരെ അവസാന ഓവറില്‍ ബാറ്റിങ്ങിറങ്ങിയ ധോണി നാല് പന്തുകള്‍ നേരിട്ടു. അതില്‍ ആദ്യ മൂന്ന് പന്തുകളും സിക്‌സ് പറത്തി ഇതിഹാസ താരം വാങ്കഡെ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദ്ദിക്ക് പാണ്ഡ്യയെയാണ് ധോണി പഞ്ഞിക്കിട്ടത്. ഡാരല്‍ മിച്ചല്‍ പുറത്തായതോടെയാണ് ധോണി ക്രീസിലെത്തിയത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ മൂന്നാം പന്ത് ലോങ് ഓഫിലേക്ക് പറത്തി ധോണി ആദ്യ സിക്‌സ് നേടി. നാലാം പന്ത് ലോങ് ഓണിലേക്കാണ് ധോണി അടിച്ചു പറത്തിയത്. അഞ്ചാം പന്തില്‍ നിലതെറ്റിയ പാണ്ഡ്യയുടെ പന്ത് ലോ ഫുള്‍ഡോസായി. ഇതിനെ സ്‌ക്വയര്‍ ലെ?ഗിലേക്ക് അടിച്ചുപറത്തി ധോണി തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. ഇന്നിം?ഗ്‌സിന്റെ അവസാന പന്തില്‍ രണ്ട് റണ്‍സ് കൂടി ചെന്നൈ മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. ധോണി നാല് പന്തുകളില്‍ നിന്ന് 20 റണ്‍സ് നേടി. ചെന്നൈ വിജയിച്ചതും ഈ മത്സരത്തില്‍ 20 റണ്‍സിനായിരുന്നു.