ലണ്ടൻ: ശവക്കല്ലറയിൽ നിന്ന് പുറത്തേക്കു വരുന്ന ജീർണിച്ച വിരലുകൾ. അഴുകിയ ജഡത്തിന്റെ ഗന്ധം. ഒറ്റ നോട്ടത്തിൽ പ്രേതകരങ്ങൾ പോലെ തോന്നാം. പ്രേതസിനിമകളെ അനുസ്മരിപ്പിക്കുന്ന ഒരു കൂൺ ഇനത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വിരലുകളുടെ ആകൃതിയായതിനാൽ തന്നെ ഡെവിൾസ് ഫിംഗേഴ്‌സ് അഥവാ ചെകുത്താന്റെ വിരലുകൾ എന്നാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത്. പുല്ലുകൾ നിറഞ്ഞ മേഖലയിലൂടെ നടന്നു പോകുന്നതിനിടെ ജൂലിയ റോസർ എന്ന 67 കാരിയാണ് ചെകുത്താന്റെ വിരലുകൾ കണ്ടത്.
യുകെയിൽ ഇവയെ കണ്ടെത്തുന്നത് അത്ര സാധാരണമല്ല. പൊതുവേ ഒക്ടോബർ അവസാനത്തോടെയാണ് ഇവ പൊട്ടിമുളക്കുന്നത്. നിലവിൽ യുകെയിലാണ് കണ്ടെത്തിയിരിക്കുന്നതെങ്കിലും ന്യൂസിലൻഡും ഓസ്‌ട്രേലിയയുമാണ് ഈ കൂണുകളുടെ ജന്മദേശം. 70 വർഷം മുമ്പാണ് യുകെയിൽ ഈ ചെകുത്താന്റെ വിരലുകൾ കണ്ടെത്തിയത്. ഒന്നാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാർക്കായുള്ള ചരക്കുകൾക്കൊപ്പമാണ് ഫ്രാൻസിലെത്തിയതെന്നാണ് നിഗമനം. ജലാറ്റിൻ പോലെ തോന്നിപ്പിക്കുന്ന ഒരു മുട്ടയിൽ നിന്നുമാണ് ഇവ മുളച്ച് പുറത്തേക്ക് വരുന്നത്.