ഡൽഹി; ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾക്കായി സമർപ്പിക്കപ്പെട്ട ജീവിതമാണു തന്റേതെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ മുന്നണി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഭരണ ഘടന നെറുകയിൽ വച്ച് വണങ്ങുന്ന ഫോട്ടോയ്ക്കൊപ്പമാണ് കുറിപ്പ്.
എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഡോ. ബാബാ സാഹേബ് അംബേദ്കർ നൽകിയ ഇന്ത്യൻ ഭരണഘടനയുടെ മഹത്തായ മൂല്യങ്ങൾക്കായി സമർപ്പിക്കുന്നു. ദരിദ്രരും പിന്നാക്കക്കാരുമായ കുടുംബത്തിൽ ജനിച്ച എന്നെപ്പോലുള്ള ഒരാൾക്ക് പോലും രാഷ്ട്രത്തെ സേവിക്കാൻ അവസരം ലഭിച്ചതിന്റെ കാരണം നമ്മുടെ ഭരണഘടനയാണ്. കോടിക്കണക്കിന് രാജ്യക്കാർക്ക് ഇന്ന് പ്രതീക്ഷയും കരുത്തും മാന്യമായ ജീവിതവും ലഭിക്കുന്നത് നമ്മുടെ ഭരണഘടനയുള്ളത് കൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.