തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിജി യാത്രാ സംവിധാനം വരുന്നു

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിജി യാത്രാ സംവിധാനം വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും യാത്രക്കാരുടെ ക്യൂ ഒഴിവാക്കുന്നതിനുള്ള ഡിജി യാത്രാ സംവിധാനം വരുന്നു. ഒന്നാംഘട്ടത്തില്‍ രാജ്യത്തെ 13 വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനു പിന്നാലെയാണ് തിരുവനന്തപുരം ഉള്‍പ്പെടെ 14 വിമാനത്താവളങ്ങളില്‍ കൂടി പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ കൊച്ചി വിമാനത്താവളത്തിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡിജി യാത്രാ ഫൗണ്ടേഷനാണ് പദ്ധതിയുടെ ചുമതല.

കൊച്ചിയില്‍ ആഭ്യന്തര ടെര്‍മിനല്‍ ഡിപ്പാര്‍ച്ചറിലാണ് ഈ സംവിധാനം ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഓഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്തു. മൂന്നു ലക്ഷത്തോളം പേര്‍ സംവിധാനം ഉപയോഗിച്ചു. ഒരുദിവസം ആഭ്യന്തര വിഭാഗത്തില്‍ 15000 യാത്രക്കാരുണ്ടാകും. അതിന്റെ പകുതിയാണ് ഡിപ്പാര്‍ച്ചറിലുണ്ടാകും. അതില്‍ രണ്ടായിരത്തോളം പേര്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. സിനിമാ താരങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണം ഗുണകരമായതായി ഡിജി ഫൗണ്ടേഷന്‍ അധികൃതര്‍ പറയുന്നു. ‘ഫെയ്‌സ് ഈസ് യുവര്‍ ബോഡി പാസ്’ എന്നാണ് ടാഗ് ലൈന്‍. ആദ്യം 8% പേരാണ് സംവിധാനം ഉപയോഗിച്ചത്. പരസ്യം നല്‍കിയതോടെ അത് ഇരുപത് ശതമാനത്തില്‍ അധികമായി.

ദേഹപരിശോധനയ്ക്കുശേഷം യാത്ര ചെയ്യാം. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ലൈന്‍ ഉണ്ടാകും. മിനിട്ടുകള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയിലൂടെ, വിമാനത്താവളത്തിലെ വിവിധ പരിശോധനാ കേന്ദ്രങ്ങളില്‍ ക്യൂനിന്ന് യാത്രാരേഖകള്‍ കാണിച്ച് കടന്നു പോകുന്നത് ഒഴിവാക്കാനാകും. ഡിജി യാത്രയ്ക്കായി ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം. ആധാര്‍ വിവരങ്ങള്‍ നല്‍കി ബോര്‍ഡിങ് പാസ് വിവരം നല്‍കിയാല്‍ ചെക്കിങ് പോയിന്റുകളിലെ ക്യാമറ മുഖം തിരിച്ചറിയും. യാത്രാവിവരങ്ങള്‍ നല്‍കേണ്ടതില്ല.

Top