സമീപകാല കരിയറില്‍ നടന്‍ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് ‘കങ്കുവ’യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ റിലീസ് അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് നീട്ടിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ അഭ്യൂഹങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് ‘കങ്കുവ’ നിര്‍മ്മാതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നിര്‍മ്മാതാവ് ധനഞ്ജയന്‍. കങ്കുവ റിലീസ് 2025ലേക്ക് മാറ്റിയെന്നത് അടിസ്ഥാനരഹിതമായ വര്‍ത്തയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ‘എന്ത് വിഡ്ഢിത്തം? എന്തിനാ ഇങ്ങനെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്?’, എന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചത്.
3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്‌സ് സ്‌ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയില്‍. ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.