നയന്താരയുടെ ഡോക്യുമെന്ററിയായ ‘നയന്‍താര ബിയോണ്ട് ദ ഫെയരിടേലി’ന്റെ റിലീസ് അടുത്തിരിക്കുന്ന സമയത്ത് നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാരയുടെ തുറന്ന കത്ത്. ഡോക്യുമെന്ററിയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിൽ നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും കാണിച്ചിരുന്നു. എന്നാൽ ഇത് ഉപയോഗിച്ചതിന് 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചു. ഇതിനുള്ള മറുപടിയാണ് സോഷ്യൽ മീഡിയയിലൂടെ നയൻതാര കുറിച്ചത്.
നയൻതാരയുടെ കത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ
”നിരവധി തെറ്റായ കാര്യങ്ങൾ ശരിയാക്കാൻ വേണ്ടിയുള്ള തുറന്ന കത്താണിത്. നിങ്ങളുടെ അച്ഛന്റെയും മികച്ച സംവിധായകനായ സഹോദരന്റെയും പിന്തുണയും അനുഗ്രഹവുമുള്ള താങ്കളെപ്പോലുള്ള ഒരു നല്ല നടൻ, ഇത് വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്ന സിനിമ എന്നെപ്പോലുള്ളവരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഈ വ്യവസായത്തിൽ യാതൊരു ബന്ധവുമില്ലാത്ത സെൽഫ് മെയ്ഡായ സ്ത്രീയാണ് ഞാൻ.
എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല. എൻ്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ റിലീസ് ഞാൻ മാത്രമല്ല, എൻ്റെ നിരവധി ആരാധകരും അഭ്യുദേയകാംക്ഷികളും ഏറെ കാത്തിരുന്നു. ഞങ്ങൾക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രൊജക്ട് കൊണ്ടുപോവാൻ സിനിമാ സുഹൃത്തുക്കളും മുഴുവൻ ടീമും വേണ്ടി വന്നു. സിനിമയ്‌ക്കെതിരെയും, എന്നോടും എന്റെ പങ്കാളിയോടും നിങ്ങൾ തീർക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രൊജക്ടിനായി പരിശ്രമവും സമയവും നൽകിയ ആളുകളെയും ബാധിക്കുന്നു.എന്നെയും എൻ്റെ ജീവിതത്തെയും എൻ്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്ളിക്സ് ഡോക്യുമെൻ്ററിയിൽ ഇൻഡസ്ട്രിയിലെ അഭ്യുദയകാംക്ഷികളിൽ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി താനും ഉൾപ്പെടുത്തിയിട്ടുമില്ല.
Also Read: ജയൻ എന്ന ആക്ഷൻ ഹീറോ, പകരക്കാരനില്ലാത്ത സൂപ്പർ താരം
ഞങ്ങളുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി റിലീസിന് നിങ്ങളുടെ എൻഒസി (നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്) കിട്ടാനായി കാത്തിരുന്ന നീണ്ട രണ്ട് വർഷത്തിന് ശേഷം, നിങ്ങളത് അനുവദിക്കാൻ വിസമ്മതിച്ചതിനാൽ, നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും പരിഹരിക്കാനും ഞങ്ങൾ തീരുമാനിച്ചു. നാനും റൗഡി താനിലെ പാട്ടുകളോ ദൃശ്യങ്ങളോ ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാൻ ഒന്നിലധികം തവണ അഭ്യർത്ഥിച്ചിട്ടും നിങ്ങൾ അനുവദിച്ചില്ല. ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ആളുകൾ കേട്ട് അഭിനന്ദിക്കുന്നുണ്ട്. അത് ഞങ്ങളെ സംബന്ധിച്ച് വിലമതിക്കപ്പെടുന്ന ഒന്നാണ്. കാരണം ആ വരികൾ വന്നത് യഥാർത്ഥ വികാരങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെൻ്ററിയിൽ ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇതിലും മികച്ച പാട്ടുകൾ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ, നിങ്ങളതിനു വിസമ്മതിച്ചപ്പോൾ എൻ്റെ ഹൃദയം തകർത്തു.
ബിസിനസ് നിർബന്ധങ്ങളാലോ പണ സംബന്ധമായോ പ്രശ്നങ്ങളോ ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതു മനസിലാക്കാവുന്നതാണ്; എന്നാൽ താങ്കളുടെ ഈ തീരുമാനം ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങൾ ഇത്രയും കാലം മന:പൂർവം മൗനം പാലിക്കുകയായിരുന്നു എന്നും അറിയുന്നത് വേദനാജനകമാണ്. നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീൽ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങളുടെ സ്വകാര്യ ഉപകരണങ്ങളിൽ ചിത്രീകരിച്ച ചില വീഡിയോകളുടെ, വെറും 3 സെക്കൻഡ് ദൈർഘ്യമുള്ളവയുടെ ഉപയോഗത്തെ നിങ്ങൾ ചോദ്യം ചെയ്തതു കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. കേവലം 3 സെക്കൻഡിനുള്ള നഷ്ടപരിഹാരമായി കോടികൾ. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നു. ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ പകുതിയെങ്കിലും നന്മ നിങ്ങൾ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങൾ പ്രസംഗിക്കുന്നത് നിങ്ങൾ ചെയ്യുന്നില്ല.
Also Read: ശബ്ദം കൂടുതലാണ്, ‘കങ്കുവ’ സിനിമയ്ക്കെതിരെ വിമർശനങ്ങൾ
നിങ്ങൾക്ക് പരിചയമുള്ളവരും ജീവിതത്തിൽ ഉയർന്നുവരുന്നത് സാധാരണമാണ്. വൻ സിനിമാപാരമ്പര്യമില്ലാത്തവരും ഉയരങ്ങളിൽ എത്തുന്നത് സാധാരണമാണ്. ചില മനുഷ്യർ ബന്ധങ്ങൾ ഉണ്ടാക്കുന്നതും, സ്നേഹം കണ്ടെത്തുന്നതും സാധാരണമാണ്. ഇതൊന്നും നിങ്ങളിൽ നിന്നും ഒന്നും അപഹരിക്കുന്നില്ലല്ലോ. മേൽപ്പറഞ്ഞതെല്ലാം ജനങ്ങളുടെ കരുണയിലും സ്നേഹത്തിലും കഠിനാധ്വാനത്തിന്റെ ബലത്തിലും ഉണ്ടാകുന്നതാണ്. ചില കള്ളക്കഥകളുണ്ടാക്കി പഞ്ച് വാചകങ്ങൾ ചേർത്ത് അടുത്ത ഓഡിയോ ലോഞ്ചിൽ നിങ്ങൾ പറയുമായിരിക്കും.ഈ വിശാലമായ ലോകത്ത് താഴെക്കിടയിലുള്ളവരുടെ ജീവിതങ്ങളിലേക്ക് നോക്കാനും മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷം കണ്ടെത്താനും, അപരന്റെ കഥകളിൽ ആനന്ദം അറിയാനും എളുപ്പമാണെന്നും മനസിലാക്കുമല്ലോ.
ഞങ്ങളുടെ ഈ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ഉദ്ദേശങ്ങളിൽ ഒന്ന് അതുകൂടിയാണ്. ഇത് കാണൂ, ചിലപ്പോൾ നിങ്ങളുടെ മനസ് മാറിയാലോ. സ്നേഹത്തോടെയിരിക്കുകയെന്നത് വളരെ പ്രധാനമാണ്. വെറുതെ വാക്കാൽ പറയുക മാത്രമല്ലാതെ നിങ്ങൾക്ക് അതിനു മുഴുവനായും സാധിക്കട്ടേയെന്നു ആത്മാർഥമായി ഞാൻ ആഗ്രഹിക്കുന്നു. പ്രാർഥിക്കുന്നു.”