മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ് ധോണിയോടുള്ള കടപ്പാട് വെളിപ്പെടുത്തി യുവ പേസർ ഖലീൽ അഹ്മദ്. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധോണിയുമായുള്ള തന്റെ അടുപ്പം വെളിപ്പെടുത്തിയ ഖലീൽ, മുൻ നായകനെ ‘ഗുരു’ എന്നാണ് വിശേഷിപ്പിച്ചത്. ധോണിക്കൊപ്പമുള്ള നിരവധി അവിസ്മരണീയ മുഹൂർത്തങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്നും യുവ പേസർ പറഞ്ഞു.
ധോണി പൂക്കൾ സമ്മാനിക്കുന്ന വൈറൽ ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ, അത് ന്യൂസിലാൻഡ് പര്യടനത്തിനിടെയാണെന്നായിരുന്നു മറുപടി. തങ്ങൾ പ്രധാന ഗ്രൗണ്ടിൽനിന്ന് പരിശീലന ഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു. ഒരു ആരാധകൻ അദ്ദേഹത്തിന് സമ്മാനിച്ച പൂവ് തനിക്ക് കൈമാറുന്ന അപ്രതീക്ഷിത സംഭവം ആരാധകർ കാമറയിൽ പകർത്തുക കൂടി ചെയ്തതോടെ ജീവിതത്തിൽ വളരെ പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്നായി മാറിയെന്നും ഖലീൽ പറഞ്ഞു.
സഹീർ ഖാൻ ന്യൂ ബാൾ എടുക്കുന്നത് കണ്ടു വളർന്നതിനാൽ ഇന്ത്യക്കായി ഒരു മത്സരത്തിൽ ആദ്യ ഓവർ എറിയുക എന്നത് വളരെ ചെറുപ്പം മുതലുള്ള തന്റെ സ്വപ്നമായിരുന്നു. ഇത് സാക്ഷാത്കരിക്കാൻ തന്നെ സഹായിച്ചത് എം.എസ് ധോണിയാണെന്നും ഖലീൽ വെളിപ്പെടുത്തി.
‘മഹി ഭായ് എന്റെ സുഹൃത്തല്ല, മൂത്ത സഹോദരനും ഗുരുവുമാണ്. സഹീർ ഖാന്റെ ഉയർച്ച കണ്ട് ഇന്ത്യക്കായി ആദ്യ ഓവർ എറിയുന്ന ബൗളറാകണമെന്ന് കുട്ടിക്കാലം മുതൽ ആഗ്രഹിച്ചിരുന്നു. ഏഷ്യാ കപ്പിൽ മഹി ഭായ് എന്നോട് ആദ്യ ഓവർ എറിയാൻ ആവശ്യപ്പെട്ടു. കൂടുതൽ സമയമെടുത്താൽ അദ്ദേഹത്തിന്റെ മനസ്സ് മാറിയേക്കുമെന്ന് കരുതി ഞാൻ വളരെ വേഗത്തിൽ അതിനായി ഓടിയെത്തി. ഒരു ടീമിലെ ഏറ്റവും പ്രധാന കളിക്കാരനാണ് ആദ്യം പന്തെറിയുന്നതെന്ന് ഞാൻ കരുതുന്നു’ -ഖലീൽ കൂട്ടിച്ചേർത്തു.
ഇന്ത്യക്കായി 11 ഏകദിനങ്ങളിലും 18 ട്വന്റി 20കളിലുമാണ് ഇടൈങ്കയൻ പേസറായ ഖലീൽ അഹ്മദ് ഇറങ്ങിയത്. കഴിഞ്ഞ ഐ.പി.എൽ സീസണിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.