ധോണിക്ക് പകരക്കാരൻ; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ശ്രീശാന്ത്

ധോണിക്ക് പകരക്കാരൻ; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ശ്രീശാന്ത്

ഇന്ത്യ പാക്കിസ്താന്‍ മത്സരത്തിനു ശേഷം ധോണിക്ക് പകരമാകാന്‍ കഴിയുന്ന താരം ആരാണെന്ന അഭിപ്രായം പങ്കുവച്ച് ശ്രീശാന്ത്. പാക്കിസ്താനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ റിഷബ് പന്തിനെ പ്രശംസിച്ചാണ് ശ്രീശാന്ത് രംഗത്തെത്തിയിരിക്കുന്നത്.
സ്റ്റാര്‍ സ്പോര്‍ട്സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം. ഇന്ത്യകണ്ട ഏറ്റവും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ എം.എസ് ധോണിയുമായി പന്തിനെ താരതമ്യപ്പെടുത്തിയാണ് ശ്രീശാന്ത് സംസാരിച്ചത്.

‘ആര്‍ക്കെങ്കിലും മഹി ഭായിക്ക് പകരമാകാന്‍ കഴിയുമെങ്കില്‍, അത് റിഷബ് പന്തിനായിരിക്കും. ഹാര്‍ദിക്കിനൊപ്പം അദ്ദേഹം ഇന്ത്യയെ നയിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ശ്രീശാന്ത് സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

പന്തിന് പുറമെ അക്സര്‍ പട്ടേല്‍ 18 പന്തില്‍ നിന്ന് 20 റണ്‍സും നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 12 പന്തില്‍ നിന്ന് 13 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‍ലി വെറും നാല് റണ്‍സിന് പുറത്തായി.

മത്സരത്തില്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഡെത്ത് ഓവറില്‍ ജസ്പ്രീത് മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. 19ാം ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റും താരം നേടി. കളിയിലെ താരവും ബുംറയായിരുന്നു. ബുംറയ്ക്ക് പുറമേ ഹര്‍ദിക് പാണ്ഡ്യ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും പട്ടേല്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി.
പാക്കിസ്താന്‍ ബൗളര്‍മാരും മികച്ച പ്രകടനം നടത്തി.

Top